ഇ യു ജി ഓർമയിലൂടെ രാമകൃഷ്‌ണൻ
എന്നും തിളങ്ങുന്ന സമരജീവിതം

പി എ സജീഷ്
പൊന്നാനി
‘പാർടി പ്രവർത്തനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പടിപ്പുര തുറന്നില്ല. ഇ യു ജി പുറത്തു കിടന്നുറങ്ങി. അതിരാവിലെ സമീപത്തെ കുമാരേട്ടന്റെ ചായക്കടയിൽനിന്ന് ചായയും കുടിച്ച് തവനൂരിൽ പാർടി ക്ലാസെടുക്കാൻ പോയി’– നാലര പതിറ്റാണ്ടിനിപ്പുറത്തും മായാതെയുണ്ട് രാമകൃഷ്ണന്റെയുള്ളിൽ ഇ യു ജി എന്ന എരാത്ത് ഉണിക്കാട്ട് ഗോവിന്ദമേനോന്റെ വിപ്ലവജീവിതം. അമ്പതിനായിരം പറ നെല്ല് കൊയ്യുന്ന കൃഷിനിലം, തറവാട്ട് വീടിന്റെ മുകളിലിരുന്ന് കാണാവുന്ന വലിയ കാളപ്പൂട്ട് കണ്ടങ്ങൾ, ഇരുനിലയുള്ള രണ്ട് പടിപ്പുരയും നെല്ലറയുമുള്ള തറവാട്... വലിയ ജൻമി കുടുംബത്തിൽ ജനിച്ച ഇ യു ജി മേനോൻ പക്ഷേ ചിന്തിച്ചതൊന്നും ഇതിനെക്കുറിച്ചായിരുന്നില്ല. കൊടിയ ചൂഷണത്തിന് വിധേയരായ കർഷകരുടെയും തൊഴിലാളികളുടെയും ദുരിത ജീവിതങ്ങളായിരുന്നു മനസ്സുനിറയെ. അവർക്കുവേണ്ടി സ്വന്തം കുടുംബത്തോടുതന്നെ പടവെട്ടി. കർഷകർക്ക് ഭൂമിപതിച്ചുകൊടുക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. അയിത്തവും തൊട്ടുകൂടായ്മയും നിലനിന്ന തറവാട്ടിൽനിന്ന് വിയർപ്പൊഴുകുന്ന പാവപ്പെട്ട മനുഷ്യരെ ചേർത്തുപിടിച്ച ഇ യു ജി നാടിന്റെ പ്രിയപ്പെട്ട നേതാവായി. കുടുംബം പല തരത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചെങ്കൊടി മുറുകെ പിടിച്ചു. ‘സൈക്കിൾ ചവിട്ടാൻ അറിയാതിരുന്ന ഇ യു ജി കിലോമീറ്ററുകൾ നടന്നാണ് പാർടി പ്രവർത്തനം നടത്തിയിരുന്നത്. പലപ്പോഴും സൈക്കിളിൽകൊണ്ടുപോയിട്ടുണ്ട്. പക്ഷേ നടക്കാനായിരുന്നു അദ്ദേഹത്തിന് ഏറെയിഷ്ടം’– രാമകൃഷ്ണൻ ഓർത്തെടുക്കുന്നു. പൊന്നാനി എവി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം അൽപ്പകാലം അധ്യാപകനായിരുന്ന ഇ യു ജി പിന്നീട് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. ദേശീയ പ്രസ്ഥാനത്തിൽ പ്രചോദിതനായി കോൺഗ്രസിൽ ചേർന്നു. 1939ൽ പൊന്നാനിയിൽ നടന്ന ബീഡി തൊഴിലാളി സമരത്തിലും കണ്ണേങ്കായൽ സമരത്തിലും പങ്കെടുത്ത ഇ യു ജി കമ്യൂണിസ്റ്റ് ആയി. കൃഷിഭൂമി കർഷകന് ലഭ്യമാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരവധി പോരാട്ടങ്ങൾ നയിച്ചു. 1948ലെ കർഷക സമരത്തിൽ പങ്കെടുത്തതിന് സേലം ജയിലിലിട്ടു. പൊൽപ്പാക്കരയിലും ശുകപുരത്തും കർഷക തൊഴിലാളിയുടെ കൂലി കൂട്ടാൻ കൊയ്‌ത്ത് സമരം നടത്തി. ചൈനീസ് ചാരനെന്ന് മുദ്രകുത്തി എ കെ ജി, അഴീക്കോടൻ, ടി കെ രാമകൃഷ്ണൻ, എം എം ലോറൻസ് തുടങ്ങിയവർക്കൊപ്പം ഇ യു ജിയെയും വിയ്യൂർ ജയിലിൽ തടവിലാക്കി. പോരാട്ടങ്ങൾക്കൊപ്പം പൊന്നാനിയുടെ വികസനപ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.









0 comments