Deshabhimani

print edition ആദ്യപരീക്ഷയിൽ യുഡിഎഫിന്‌ കയ്‌പുനീര്‌

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 30, 2026, 01:30 AM | 2 min read

സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫ്‌ സർക്കാരിന്‌ ശക്തമായ പ്രഹരമാണ്‌. നാലുമാസംമാത്രം പിന്നിട്ട വി ഡി സതീശൻ സർക്കാർ, ആദ്യപരീക്ഷയിൽ കഷ്ടിച്ച്‌ കടന്നുകൂടിയെന്നുപോലും അവകാശപ്പെടാൻ കഴിയാത്ത നിലയിലെത്തി. മൊത്തം തെരഞ്ഞെടുപ്പ്‌ നടന്ന 38 സീറ്റിൽ 19 ഇടത്ത്‌ യുഡിഎഫ്‌ ജയിച്ചെങ്കിലും 2025ൽ ഇതിൽ 22 എണ്ണവും അവർ നേടിയിരുന്നു. അതേസമയം, 2025ൽ 15 സീറ്റിൽ ജയിച്ച എൽഡിഎഫ്‌ ഇപ്പോൾ സീറ്റുകളുടെ എണ്ണം പതിനെട്ടായി ഉയർത്തി. എൻഡിഎയുടെ സാന്നിധ്യം ട്വന്റി–20 ജയിച്ച ഒരു സീറ്റിൽ ഒതുങ്ങി.


മാത്രമല്ല, തികച്ചും രാഷ്‌ട്രീയമായി വോട്ടെടുപ്പ്‌ നടക്കുന്ന ജില്ലാ പഞ്ചായത്ത്‌ സീറ്റുകളിൽ മൂന്നിൽ രണ്ടും എൽഡിഎഫ്‌ നേടി. ഇതിൽ കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുക്കുകയാണ്‌ ചെയ്‌തത്‌. നിലവിലെ ചങ്ങനാശേരി എംഎൽഎ വിനു ജോബ്‌ രാജിവച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി മഞ്‌ജു സുജിത് അട്ടിമറിവിജയം നേടിയതെന്നത്‌ ശ്രദ്ധേയമായ രാഷ്‌ട്രീയമാറ്റത്തിന്‌ തെളിവാണ്‌. യുഡിഎഫ്‌ കഴിഞ്ഞതവണ 743 വോട്ടിന്‌ ജയിച്ചിടത്ത്‌ എൽഡിഎഫ്‌ ഇക്കുറി 2140 വോട്ടിന്റെ ഭൂരിപക്ഷം നേടി. പാലക്കാട്‌ പല്ലശ്ശന ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ നിലനിർത്തിയ എൽഡിഎഫ്‌ ഭൂരിപക്ഷം 7085ൽനിന്ന്‌ 10,658 ആയി വർധിപ്പിച്ചു. ഇവിടെ എൽഡിഎഫ്‌ എംഎൽഎ ടി എം ശശി രാജിവച്ചതിനെ തുടർന്ന്‌ വേണ്ടിവന്ന ഉപതെരഞ്ഞെടുപ്പിൽ വി പൊന്നുകുട്ടനാണ്‌ ജയിച്ചത്‌. തിരുവനന്തപുരം കല്ലറയിൽ യുഡിഎഫിന്‌ ജയം ആവർത്തിക്കാനായെങ്കിലും ഭൂരിപക്ഷം 5683ൽനിന്ന്‌ 3019 ആയി ഇടിഞ്ഞു. ഇവിടെ ബിജെപിക്ക്‌ കഴിഞ്ഞതവണ 10,081 വോട്ടാണ്‌ ലഭിച്ചതെങ്കിൽ ഇപ്പോൾ അത്‌ 5923 ആയി ചുരുങ്ങി. ബിജെപി വോട്ടുകൾ മറിച്ചതാണ്‌ യുഡിഎഫിനെ വിജയത്തിലെത്തിച്ചതെന്ന്‌ വ്യക്തം.


ഏഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സീറ്റിൽ തെരഞ്ഞെടുപ്പ്‌ നടന്നതിൽ അഞ്ചും എൽഡിഎഫ്‌ നേടി. കഴിഞ്ഞതവണ മൂന്നെണ്ണം മാത്രമാണ്‌ എൽഡിഎഫിന്‌ കിട്ടിയത്‌. യുഡിഎഫിന്റെ വക നാലിൽനിന്ന്‌ രണ്ടായി. തിരുവനന്തപുരം ചിറയിൻകീഴ്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ അഞ്ചുതെങ്ങ്‌ ഡിവിഷനും പാലക്കാട്‌ ആലത്തൂർ ബ്ലോക്കിലെ അത്തിപ്പൊറ്റ ഡിവിഷനും എൽഡിഎഫ്‌ പിടിച്ചെടുത്തു. പാലക്കാട്‌ ഹേമാംബിക നഗർ ബ്ലോക്ക്‌ ഡിവിഷനിൽ എൽഡിഎഫ്‌ ഭൂരിപക്ഷം വർധിപ്പിച്ചു. തൃശൂർ ഇരിങ്ങാലക്കുട ഇടത്തിരിഞ്ഞിയിൽ യുഡിഎഫിന്‌ ബിജെപി സഹായം ലഭിച്ചിട്ടും എൽഡിഎ-ഫ്‌ ഭൂരിപക്ഷത്തിൽ കാര്യമായ കുറവ്‌ ഏൽപ്പിക്കാനായില്ല.


കോഴിക്കോട്‌ കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ യുഡിഎഫിന്‌ ലഭിച്ചത്‌ പരാജയത്തിനു തുല്യമായ ജയമാണ്‌. നിലവിലെ എംഎൽഎ ഫാത്തിമ തെഹലിയ കഴിഞ്ഞതവണ ക‍ൗൺസിലറായി 2275 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തെരഞ്ഞെടുക്കപ്പെട്ടതെങ്കിൽ ഇക്കുറി യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഭൂരിപക്ഷം കേവലം 436 വോട്ടാണ്‌. യുഡിഎഫിന്റെ ചിറ്റൂർ എംഎൽഎ സുമേഷ്‌ അച്യുതൻ ജയിച്ച ചിറ്റൂർ നഗരസഭാ ഡിവിഷൻ എൽഡിഎഫ്‌ നേടി. എറണാകുളം കോർപറേഷനിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന വാർഡ്‌ യുഡിഎഫ്‌ നിലനിർത്തിയെങ്കിലും ഭൂരിപക്ഷം പകുതിയായി. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ്‌ ഒമ്പത്‌ വാർഡിലും യുഡിഎഫ്‌ 13 വാർഡിലും ജയിച്ചു.


ചുരുക്കത്തിൽ പോരായ്‌മകളും ദ‍ൗർബല്യങ്ങളും പരിഹരിച്ച്‌ തിരിച്ചുവരുന്ന സിപിഐ എമ്മിനെയും എൽഡിഎഫിനെയും ജനങ്ങൾ ഹൃദ്യമായി സ്വീകരിക്കുകയാണെന്ന്‌ ഫലങ്ങൾ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ കേരളത്തിൽ എൽഡിഎഫ്‌ തകർന്നടിഞ്ഞതായി പ്രചരിപ്പിച്ച്‌ കോലാഹലം സൃഷ്ടിക്കാൻ തൽപ്പരകക്ഷികൾ ശ്രമിച്ചിരുന്നു. അവർക്ക്‌ ചുട്ടമറുപടിയാണ്‌ ജനങ്ങൾ നൽകിയത്‌. മറുവശത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയതിനെ തുടർന്ന്‌ ജനങ്ങളെ വെല്ലുവിളിച്ചും അവഗണിച്ചും മുന്നോട്ടുപോകാൻ ശ്രമിക്കുന്ന യുഡിഎഫിനെ വോട്ടർമാർ ശിക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒഴിഞ്ഞും സംഘപരിവാർ അജൻഡ അടിച്ചേൽപ്പിച്ചും കോർപറേറ്റുകൾക്ക്‌ വിനീതവിധേയരായും ഭരണം നടത്തുന്ന യുഡിഎഫ്‌ സർക്കാരിനുള്ള ശക്തമായ താക്കീതാണിത്‌. ലോഡ്‌ ഷെഡിങ്ങും കളങ്കിതരുടെ സ്‌പോൺസർഷിപ്പുകളും അലങ്കാരമായി കാണുന്ന മുഖ്യമന്ത്രിയും കൂട്ടരും ഇതിനും ന്യായീകരണവുമായി വരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home