print edition നിലമ്പൂരില്‍ വന്‍ മരംകൊള്ള; ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തി

പിടിച്ചെടുത്ത വീട്ടി തടികൾ

സ്വന്തം ലേഖകൻ
Published on Sep 30, 2026, 01:36 AM | 1 min read
നിലമ്പൂർ : വനമേഖലയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും വീട്ടിയും ഉൾപ്പെടെ 23 മരങ്ങൾ മുറിച്ചുകടത്തി. നിലന്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകീഴിലെ നിലന്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ ഭൂദാനം മുത്തപ്പൻകുന്നിൽനിന്ന് ഏഴരയേക്കർ വരുന്ന നിക്ഷിപ്ത വനഭൂമിയിൽനിന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. കവളപ്പാറ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേർന്ന മുത്തപ്പൻകുന്നിലെ വനഭൂമിയിൽ രണ്ടാഴ്ചമുമ്പാണ് മരംമുറി നടന്നത്. വനത്തിനുള്ളിൽനിന്ന് മരങ്ങൾ മുറിച്ച് ട്രാക്ടറിൽ കയറ്റിയാണ് കടത്തിയത്. വാഹനങ്ങൾ എത്താൻ ഏറെ പ്രയാസമുള്ള പ്രദേശത്തുനിന്ന് 23 മരങ്ങൾ മുറിച്ച് മണിക്കൂറുകളെടുത്ത് കടത്തിയിട്ടും വനംവകുപ്പ് വിവരം അറിഞ്ഞത് 15 ദിവസങ്ങൾക്കുശേഷമാണ്. മൂന്ന് തേക്ക്, റബര്‍, ഇരൂള്‍, മട്ടി, പറങ്കിമാവ്, മരുത്, വീട്ടി, വാക തുടങ്ങിയ മരങ്ങളാണ് മുറിച്ചത്.
പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. മുറിച്ച മരങ്ങളുടെ കുറ്റികളും മറ്റ് തെളിവുകളും പരിശോധിക്കുന്നു. മുറിച്ചുമാറ്റിയ മരങ്ങളുടെ ഇനം, അളവ്, വില എന്നിവ സംബന്ധിച്ച കണക്കെടുപ്പും നടത്തുന്നു. ഇതിനിടെ മൂന്ന് വീട്ടിത്തടികളുമായി ഒരു ലോറി വനംവകുപ്പ് പിടികൂടി. രണ്ടുപേരെ ചോദ്യംചെയ്‌ത് വിട്ടയക്കുകയും ചെയ്‌തു.
സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരംമുറിച്ചുകടത്തിയവരെ കണ്ടെത്തുന്നതിനൊപ്പം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ പരിശോധനാ വീഴ്ചയും പരിശോധിക്കുന്നുണ്ട്. നേരത്തേ വനംവകുപ്പ് സ്ഥിരമായി പരിശോധന നടത്തിയിരുന്ന സ്ഥലത്തുനിന്നാണ് മരങ്ങൾ മുറിച്ചത്. സമീപകാലത്തായി ഇവിടെ പരിശോധന കുറവായിരുന്നു.









0 comments