ad
Deshabhimani

വണ്ടൂരിലെ സിൽവർ ജ്വല്ലറി കവർച്ച

അന്തർ സംസ്ഥാന മോഷ്ടാവ് 
എരുമാട് ജോസ് അറസ്റ്റിൽ

Notorious inter-state thief Jose Mathew, a native of Erumadu, Gudalur, arrested

ജോസ് മാത്യു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:55 AM | 2 min read

വണ്ടൂർ

വണ്ടൂരിലെ സിൽവർ ജ്വല്ലറിയുടെ ചുവർ കുത്തിത്തുരന്ന് പണവും 19 ലക്ഷം രൂപയുടെ വെള്ളിയും കവർന്ന കേസിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ഗൂഡലൂർ എരുമാട് സ്വദേശി ജോസ് മാത്യു (എരുമാട് ജോസ് 56) പ്രത്യേക അന്വേഷകസംഘം പിടികൂടി. കളമശേരിയിൽനിന്നാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ മെയ്‌ 20നായിരുന്നു വണ്ടൂർ ടൗണിലെ തരംഗിണി സിൽവർ ജ്വല്ലറിയിലെ കവർച്ച. ദേഹമാസകലം മറച്ചെത്തിയ കള്ളന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽനിന്ന് ലഭിച്ചിരുന്നു. തുടർന്ന് നിലമ്പൂർ ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. വണ്ടൂരിലെ വിവിധ കടകളിൽനിന്നും പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട്, ഗൂഡല്ലൂർ ഭാഗങ്ങളിലായി മുന്നൂറിൽപരം സിസിടിവി പരിശോധിച്ചുമാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പ്രതി കളമശേരിയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വണ്ടൂർ ഇൻസ്പെക്ടർ നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണക്കേസിൽ തവനൂർ സെൻട്രൽ ജയിലിലായിരുന്ന ജോസ് ഇക്കഴിഞ്ഞ ഏപ്രിൽ 21നാണ് ജാമ്യത്തിലിറങ്ങിയത്. മെയ് 15ന് മോഷണത്തിനായി വണ്ടൂരിലെത്തുകയും ജ്വല്ലറി നിരീക്ഷിക്കുകയും ചെയ്തു. 20ന് പുലർച്ചെ ഒന്നിന്‌ ജ്വല്ലറിയുടെ പുറകുവശത്തെത്തി കമ്പിപ്പാരകൊണ്ട് ചുവര്‍ തുരന്ന്‌ ഏഴുകിലോക്ക് മുകളിൽ വെള്ളി ആഭരണങ്ങൾ കവർന്നു. പിന്നീട് കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലെത്തി ആഭരണങ്ങൾ നാലരലക്ഷം രൂപയ്ക്ക് വിറ്റ് ആഡംബരജീവിതം തുടങ്ങി. തമിഴ്നാട് സ്വദേശിയുടെ പേരിൽ വ്യാജ സിം കാർഡും സംഘടിപ്പിച്ചു. കളമശേരിയിൽ പ്രീമിയം ലോഡ്ജിൽ മത്സ്യകൃഷി ഓഫീസർ എന്ന് പറഞ്ഞാണ് താമസിച്ചിരുന്നത്. മോഷണമുതൽ വിറ്റുകിട്ടിയ പണം ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചു. മുൻകാല മോഷണങ്ങളിലൂടെ 70 ലക്ഷം രൂപയോളം പ്രതി ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. തമിഴ്നാട്ടിലും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമായി 150ഓളം മോഷണക്കേസിലെ പ്രതിയാണ് ജോസ് മാത്യു. പറവൂരിൽ ജ്വല്ലറി മോഷണത്തിനുള്ള തയ്യാറെടുപ്പിനിടെയാണ്‌ പ്രതി അറസ്റ്റിലായത്‌. ഇതിനായി സംഘടിപ്പിച്ച നിരവധി ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. വണ്ടൂർ സ്റ്റേഷനിലെ എസ്ഐ വിഷ്ണു, എഎസ്ഐ മധു കുര്യാക്കോസ്, പ്രത്യേക സംഘത്തിലെ കെ ടി ആഷിഫ് അലി, പി സാബിർ അലി, പി സജീഷ്, സി കെ സജേഷ്, എം കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home