നിലന്പൂര്‍– ഷൊര്‍ണൂര്‍ പാതയ്ക്ക് വാഗ്ദാനങ്ങള്‍മാത്രം
സന്ദർശനമല്ല, വേണ്ടത് പരിഹാരം

നിലമ്പൂര്‍– ഷൊര്‍ണൂര്‍ പാതയില്‍ സന്ദര്‍ശനം നടത്തുന്ന ഡിആര്‍എം മധുകര്‍ റോട്ട്
നിലമ്പൂർ
ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പലതവണ നിലമ്പൂരിലെത്തി യാത്രക്കാരുടെ പ്രശ്നങ്ങളും നിർദേശങ്ങളും കേട്ടിട്ടും നിലമ്പൂർ–ഷൊർണൂർ റെയിൽപാതയിലെ പ്രധാന ആവശ്യങ്ങളിൽ പലതും ഇപ്പോഴും തീരുമാനമാകാതെ തുടരുന്നു. ദീർഘദൂര ട്രെയിൻ, അധിക സർവീസ്, പാർസൽ സർവീസ് പുനരാരംഭിക്കൽ, കൂടുതൽ കോച്ചുകൾ, സമയമാറ്റം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും മുന്നിലുള്ളത്. വർഷങ്ങളായി ചർച്ചകളും പരിശോധനകളും നടക്കുമ്പോഴും പല നിർദേശങ്ങളും നടപ്പാക്കൽ ഘട്ടത്തിലെത്തിയിട്ടില്ല.
മാറ്റമില്ലാതെ പ്രധാന ആവശ്യങ്ങൾ
ദക്ഷിണ റെയിൽവേ ജനറൽ മാനേജറായിരുന്ന ആർ എൻ സിങ്, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർമാരായ ത്രിലോക് കോത്താരി, യശ്പാൽ സിങ് തോമർ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് എൻജിനിയർ ദേശ് രത്തൻ ഗുപ്ത തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ നിലമ്പൂർ സന്ദർശിച്ചിരുന്നു. 2025 ജനുവരിയിൽ അന്നത്തെ പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദിയും സൗകര്യങ്ങൾ പരിശോധിക്കാൻ എത്തി. ഒടുവിൽ ബുധനാഴ്ച നിലവിലെ ഡിആർഎം മധുകർ റോട്ടും നിലമ്പൂരിലെത്തി. കോയമ്പത്തൂർ–ഷൊർണൂർ സർവീസ് നിലമ്പൂരിലേക്ക് നീട്ടുക, നിലമ്പൂർ–കോട്ടയം എക്സ്പ്രസ് മധുര വരെ നീട്ടുക, പകൽ അധിക സർവീസ്, രാജ്യറാണി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ എല്‍എച്ച്ബി കോച്ചുകൾ തുടങ്ങിയ നിർദേശങ്ങളാണ് വിവിധ സന്ദർശനങ്ങളിൽ മുന്നോട്ടുവന്നത്. പരിഗണിക്കാമെന്ന ഉറപ്പുകൾ ലഭിച്ചെങ്കിലും പലതിലും ഇതുവരെ തീരുമാനമായിട്ടില്ല.
ദീർഘദൂര സർവീസിന് കാത്തിരിപ്പ്
പാതയിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളിലൊന്നാണ് ദീർഘദൂര ട്രെയിൻ. നിലവിലെ ട്രെയിനുകൾ ദീർഘദൂര സർവീസുകളാക്കണമെന്ന നിർദേശവും ശക്തമാണ്. കോയമ്പത്തൂർ ഭാഗത്തേക്കും മധുര ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലേക്കും നേരിട്ടുള്ള യാത്രാസൗകര്യം ലഭ്യമാക്കണമെന്നാണ് ആവശ്യം. പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കി പുതിയ മെമു ആരംഭിച്ചെങ്കിലും ദീർഘദൂര സർവീസിൽ തീരുമാനമായിട്ടില്ല. പാതയുടെ പ്രകൃതിഭംഗി പ്രയോജനപ്പെടുത്തി വിസ്റ്റഡോം കോച്ച് ഉൾപ്പെടുത്തിയ സർവീസ് ആരംഭിക്കണമെന്ന നിർദേശത്തിനും പഴക്കമുണ്ട്.
പാർസൽ സർവീസ് പുനരാരംഭിക്കണം
നിലമ്പൂർ സ്റ്റേഷനിലെ പാർസൽ സർവീസ് 2025 മാർച്ചിലാണ് നിർത്തിയത്. പുനരാരംഭിക്കണമെന്ന ആവശ്യം പലതവണ ഉയർന്നെങ്കിലും ഇതുവരെ നടപടിയില്ല. തിരക്ക് പരിഹരിക്കാൻ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന നിർദേശവും തുടരുന്നു. സർവീസുകൾക്കിടയിലെ നീണ്ട ഇടവേളയും യാത്രക്കാരെ ബാധിക്കുന്നുണ്ട്. പുതിയ ഡിആർഎമ്മിന്റെ സന്ദർശനത്തോടെ ദീർഘകാല ആവശ്യങ്ങളിളിലും തീരുമാനമുണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.









0 comments