print edition റിപ്പോ നിരക്ക് വർധന: ബാങ്കുകൾ വായ്‌പ പലിശ ഉയർത്തി

കൊച്ചി : റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ വിവിധ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്‌പകൾ ഉൾപ്പെടെയുള്ളവയുടെ പലിശനിരക്ക് ഉയർത്തി. 5.25 ശതമാനത്തിൽനിന്ന് 5.50 ശതമാനമാണ് റിപ്പോ നിരക്ക് വർധിപ്പിച്ചത്.
അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുന്നതിനുപകരം അധിക പലിശഭാരം അടിച്ചേൽപ്പിക്കുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും.
പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക് , ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ , ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയവ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള വായ്-പകളുടെ പലിശനിരക്ക് 0.25 ശതമാനം(25 ബേസിസ് പോയിന്റ്) വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പ്രാബല്യത്തിൽവന്നു.
പിഎൻബിയിലും ബിഒഐയിലും ഇന്ത്യൻ ഓവർസീസ് ബാങ്കിലും ഇതോടെ നിരക്ക് 8.10 ശതമാനത്തിൽനിന്ന് 8.35 ശതമാനമായി. യുകോ ബാങ്ക് സാധാരണ വായ്‌പകൾക്കുള്ള യുകോ ഫ്ലോട്ട് നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8.30 ശതമാനമായും കോർപറേറ്റ് ഇടപാടുകാർക്കും ബിസിനസുകാർക്കും നൽകുന്ന ഹ്രസ്വകാല വായ്‌പകളുടെ നിരക്കായ യുക്കോ പ്രൈം നിരക്ക് 5.25 ശതമാനത്തിൽനിന്ന് 5.50 ശതമാനവുമായി ഉയർത്തി. ഇന്ത്യൻ ബാങ്ക് നിരക്ക് 7.95 ശതമാനത്തിൽനിന്ന് 8.20 ശതമാനമായും ബിഒബിയിൽ 7.90 ശതമാനത്തിൽനിന്ന് 8.15 ശതമാനമായും വർധിച്ചു.
പുതിയ വായ്‌പകൾക്കും 2019നുശേഷം എടുത്ത ഫ്ലോട്ടിങ് നിരക്കിലുള്ള വായ്‌പകൾക്കും നിരക്കുവർധന ബാധകമാകും. നിലവിലുള്ള വായ്‌പകളുടെ മാസതിരിച്ചടവ് തുകയോ (ഇഎംഐ) വായ്‌പ കാലാവധിയോ വർധിക്കും. എസ്ബിഐ ഉൾപ്പെടെയുള്ള മറ്റു ബാങ്കുകളും ഉടൻ നിരക്ക് വർധിപ്പിച്ചേക്കും.








0 comments