വളർത്തുനായയുടെ ശരീരം തളർന്നു; ചികിത്സാപ്പിഴവെന്ന് പരാതി

ചികിത്സാപ്പിഴവുമൂലം ശരീരം തളർന്ന വളർത്തുനായ 'അകിര'യും വിഷ്ണുപ്രസാദും
പറവൂർ
ലക്ഷങ്ങൾ വിലയുള്ള വളർത്തുനായയുടെ ശരീരം ചികിത്സാപ്പിഴവുമൂലം തളർന്നതായി പരാതി. സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട 1.30 ലക്ഷം രൂപ വിലയുള്ള നായ പറവൂർ മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്ടറുടെ അശ്രദ്ധമൂലം തളർന്നെന്നാണ് ആരോപണം.
കൈതാരം സ്കൂളിനുസമീപം അഞ്ജലിയിൽ എ പി വിഷ്ണുപ്രസാദിന്റെതാണ് ‘അകിര' എന്ന പേരുള്ള നായ. കഴിഞ്ഞ ആഗസ്‌ത് 29 മുതൽ നായ ഭക്ഷണം കഴിക്കാതെയായി. വിരലുകളിലും മറ്റുമുള്ള അസ്വസ്ഥതകളും നായയിൽ കണ്ടുതുടങ്ങി. രണ്ട് ദിവസത്തിനുശേഷം മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് രക്തപരിശോധനയടക്കം നടത്തി.
നായയ്‌ക്ക് ചെള്ളുപനി ആണെന്നുപറഞ്ഞ് കുത്തിവയ്‌പും മരുന്നുകളും നൽകി. എന്നാൽ, അടുത്തദിവസം ആരോഗ്യനില കൂടുതൽ വഷളായി. വീണ്ടും ആശുപത്രിയിലെത്തിച്ച് അഞ്ചുദിവസത്തെ കുത്തിവയ്‌പുകൂടി എടുത്തു. അതോടെ നായയുടെ ശരീരം പൂർണമായും തളർന്നതായി വിഷ്ണുപ്രസാദ് പറഞ്ഞു.
പിന്നീട് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ ചെള്ളുപനി അല്ലെന്ന സംശയമുണ്ടായി. ചികിത്സാപ്പിഴവുമൂലം നാഡീസംബന്ധമായ ഗുരുതര പ്രശ്നങ്ങളും കണ്ടെത്തി. തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെത്തിച്ച് പരിശോധനകൾ നടത്തിയെങ്കിലും മാറ്റമുണ്ടായില്ല. ഇനി നാമക്കലിലെത്തിച്ച് പരിശോധിച്ചശേഷമേ തുടർചികിത്സ സാധ്യമാകൂവെന്ന് വിഷ്‌ണു പറഞ്ഞു.
വാക്സിനേഷൻ എടുക്കാനായി ചെറിയപ്പിള്ളിയിലെയും ഏഴിക്കരയിലെയും മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ തയ്യാറായില്ലെന്നും കൂടിയ ചെലവിൽ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോകേണ്ടിവന്നെന്നും ചികിത്സയ്‌ക്കായി 30,000 രൂപയോളം ചെലവായെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാപ്പിഴവ് സംബന്ധിച്ച് മൃഗസംരക്ഷണവകുപ്പിന്റെ ആലുവയിലുള്ള ജില്ലാ ഓഫീസിലും തിരുവനന്തപുരത്ത് ഡയറക്ടറേറ്റിലും പറവൂർ പൊലീസിലും പരാതി നൽകി. നാലു ദിവസത്തിനകം നായയെ വിമാനത്തിൽ നാമക്കലിലെത്തിക്കുമെന്നും വിഷ്ണു പറഞ്ഞു.








0 comments