ഇടതോരം ചേർന്ന മലയോരം

വി കെ ഷാനവാസ്
Published on May 29, 2025, 12:24 AM | 1 min read
എടക്കര
കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിയ പഴയ നിലമ്പൂർ മണ്ഡലം ഇന്നില്ല. ചാലിയാറിലെ മലവെള്ളപ്പാച്ചിലിനൊപ്പം ആ ചരിത്രവും ഒലിച്ചുപോയി. 2011ലെ മണ്ഡല പുനഃക്രമീകരണശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിൽ രണ്ടുതവണയും എൽഡിഎഫിനായിരുന്നു ജയം. പഴയ കുത്തക അവകാശപ്പെടാൻ കോൺഗ്രസുകാർപോലും ഇന്ന് മുതിരില്ല.
ജില്ലയിൽ 2006 വരെ 12 മണ്ഡലമാണ് ഉണ്ടായിരുന്നത്. 2011ൽ ഇത് 16 ആയി. വണ്ടൂർ, നിലമ്പൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി, കുറ്റിപ്പുറം, മങ്കട, പെരിന്തൽമണ്ണ എന്നീ 12 മണ്ഡലങ്ങൾ പുനഃക്രമീകരിച്ചു. ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കോട്ടക്കൽ മണ്ഡലങ്ങൾ പുതിയതായി വന്നു. കുറ്റിപ്പുറം ഇല്ലാതായി. പകരം തവനൂർ മണ്ഡലം വന്നു. നിലമ്പൂർ മണ്ഡലത്തിലെ ചോക്കാട്, കാളികാവ് പഞ്ചായത്തുകൾ വണ്ടൂർ മണ്ഡലത്തിലേക്കും ചാലിയാർ പഞ്ചായത്ത് പുതിയ ഏറനാട് മണ്ഡലത്തിലേക്കും കൂട്ടിച്ചേർത്തു.
ആര്യാടൻ മുഹമ്മദിന് 2001ൽ 21,620 ഉം 2006 ൽ 18,070 ഉം ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് 2011ൽ 5598 ആയി കുറഞ്ഞു. 2016ൽ എൽഡിഎഫ് വിജയിച്ചു. 2021ൽ വിജയം ആവർത്തിച്ചു. 1965ൽ തുടങ്ങുന്ന മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏഴുതവണ ഇടതുപക്ഷം വിജയിച്ചു. 65ൽ സിപിഐ എമ്മിലെ കെ കുഞ്ഞാലി നിലമ്പൂരിന്റെ ആദ്യ എംഎൽഎയായി. 1967ൽ വീണ്ടും ജയിച്ചു. 1970ൽ യുഡിഎഫ് സ്ഥാനാർഥി എം പി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം 1971 ലും 1977ലും വലതിനൊപ്പംനിന്നു. 1980ൽ കോൺഗ്രസിൽനിന്ന് ഒരു വിഭാഗം ഇടതുപക്ഷത്തോടെപ്പം അണിനിരന്നു. എൽഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച സി ഹരിദാസ് എംഎൽഎ ആയി. 1980ലെ എൽഡിഎഫ് സർക്കാരിൽ ആര്യാടൻ വനംവകുപ്പ് മന്ത്രിയായി. സി ഹരിദാസ് എംഎൽഎ സ്ഥാനം രാജിവച്ചശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചു. 1982ൽ ടി കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 മുതൽ 2011വരെ യുഡിഎഫിനൊപ്പംനിന്ന മണ്ഡലം കഴിഞ്ഞ രണ്ടുതവണയും ഇടതുപതാകയേന്തി. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ യുഡിഎഫിന് ചങ്കിടിപ്പേറ്റുന്നത് ഈ മാറ്റത്തിന്റെ കാറ്റാണ്.








0 comments