നാടുകാണി ചുരത്തിൽ മുളങ്കാട് പൂത്തു

നാടുകാണി ചുരത്തിൽനിന്ന് കുടുംബസമേതം മുളയരി ശേഖരിച്ച് മടങ്ങുന്നവർ

സ്വന്തം ലേഖകൻ
Published on Mar 26, 2025, 12:48 AM | 1 min read
എടക്കര: നാടുകാണി ചുരത്തിൽ മുളങ്കൂട്ടങ്ങൾ ഒന്നടങ്കം പൂത്തു. പ്രദേശവാസികളും ഗോത്രസമൂഹവും കുടുംബസമേതം മുളയരി ശേഖരിക്കാൻ ചുരം കയറി. മുറവും കൊട്ടയും ചാക്കും സഞ്ചിയുമൊക്കെയായാണ് ചുരം കയറ്റം. ക്വിന്റൽ കണക്കിന് മുളയരികളാണ് ദിവസവും ശേഖരിക്കുന്നത്. നിലത്ത് വീണുകിടക്കുന്ന മുളയരി മുറത്തിൽ ചേറി പെറുക്കിയെടുക്കുന്ന കഴ്‌ചയാണ് ചുരത്തിലിപ്പോൾ. വെയിലിന് ചൂടുകൂടുന്തോറും മുളയരി പൊഴിയാൻ തുടങ്ങും.
വഴിക്കടവ്, കാരക്കോട്, പൂവ്വത്തിപ്പൊയ്യിൽ, ആനമറി, പുഞ്ചക്കൊല്ലി, വെള്ളക്കട്ട തുടങ്ങിയ ഇടങ്ങളിൽനിന്നുള്ളവരാണ് കുടുംബസമേതം മുളയരി ശേഖരിക്കാൻ എത്തുന്നത്. ആനയടക്കം വന്യജീവികളുടെ സാന്നിധ‍്യമുള്ളതിനാൽ എട്ടും പത്തും ആൾക്കാർ അടങ്ങുന്ന കൂട്ടമാണ് എത്താറ്. മുളങ്കാടുകളുടെ ചോട്ടിലും പരിസരവും വെട്ടിത്തെളിച്ചാണ് ശേഖരണം. ചിലർ ചുറ്റും തുണിവിരിച്ച് അതിൽ അരിവീഴ്‌ത്തുന്നുമുണ്ട്. മുളയരി വിളവെടുക്കാൻ തദ്ദേശീയരായ ഗോത്രങ്ങൾക്ക് അവകാശം നൽകിയിട്ടുണ്ട്. വേനലിൽ ഗോത്രങ്ങളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് മുളയരി. വഴിക്കടവ് വെള്ളക്കട്ടയിലെ രാജൻ, സരോജിനി, ലക്ഷ്മി, കാളി എന്നിവരുടെ സഘംമാത്രം ശേഖരിച്ചത് അര ക്വിന്റലിന് മുകളിലാണ്.
അരികൊണ്ടുണ്ടാക്കാവുന്ന എല്ലാവിഭവങ്ങളും മുളയരികൊണ്ട് സ്വാദിഷ്‌ടമായുണ്ടാക്കാം. മുളയരി പായസത്തിനും പ്രിയമേറെ. വിപണിയിൽ 400 രൂപമുതലാണ് ഒരുകിലോയുടെ വില.
2018ലെ പ്രളയത്തിനുശേഷം നിലമ്പൂർ കാടുകളിലെ മുളങ്കൂട്ടം ഒന്നാകെ നശിച്ചിരുന്നു. അവശേഷിപ്പായുള്ളത് നാട്ടുകാണി ചുരത്തിലും കരുളായി വനത്തിലെ ചില ഇടങ്ങളിലുമാണ്.









0 comments