കവളപ്പാറക്കാരെ വഞ്ചിച്ചത് മുസ്ലിംലീഗ്

എടക്കര
കവളപ്പാറ പുനരധിവാസത്തിന്റെ പേരിൽ പിരിവുനടത്തിയെങ്കിലും ഒന്നും നൽകാതെ ദുരിന്തബാധിതരെ വഞ്ചിക്കുകയാണ് മുസ്ലിംലീഗ് ചെയ്‌തത്. ദുരന്തബാധിതർക്ക് വീടും സ്ഥലവും നൽകാൻ ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ വീഡിയോ തയ്യാറാക്കി കെഎംസിസി കോടികളാണ് പിരിച്ചെടുത്തത്. എന്നാൽ, കവളപ്പാറയിലെ ദുരന്തബാധിതരായ കുടുംബത്തിന് ഒരുസെന്റ് ഭൂമിയോ വീടോ നൽകാൻ മുസ്ലിംലീഗ് തയ്യാറായില്ല. മൂന്ന് ഏക്കർ ഭൂമി വാങ്ങി ലീഗ് കമ്മിറ്റികൾ നിശ്ചയിച്ചവർക്ക് നൽകി തട്ടിപ്പുനടത്തി. എന്നാൽ, എൽഡിഎഫ് സർക്കാർ കവളപ്പാറ പുനരധിവാസത്തിനുമാത്രം ചെലവഴിച്ചത് 20 കോടി രൂപയാണ്. മരിച്ച 59 പേരുടെയും കുടുംബത്തിന് സർക്കാർ നാല് ലക്ഷംവീതം 2.36 കോടി നൽകി. പ്രളയത്തെ തുടർന്ന് പോത്തുകല്ല് വില്ലേജിൽ 179 കുടുംബത്തിന് സർക്കാർ ഭൂമി വാങ്ങി വീട് നിർമിക്കാൻ 10 ലക്ഷംവീതം അനുവദിച്ചു. ഇതിൽ 153 പേർ കവളപ്പാറ ദുരന്തബാധിതരാണ്. 32 ആദിവാസി കുടുംബത്തിന് 12 ലക്ഷംവീതം 3.96 കോടി നൽകി ആനക്കല്ല് പ്രദേശത്ത് ഭൂമി വാങ്ങി വീട് നിർമിച്ചു. കവളപ്പാറയിലെ 33 കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായി എം എ യൂസഫലിയും വീട് ഒരുക്കി. ഭൂദാനം ആലിൻചുവടിൽ നിർമിച്ച എം എ യുസഫലിയുടെ വീടുകളുടെ ഓരോഗുണഭോക്താവിനും ഏഴ് ലക്ഷംവീതം 2.31 കോടി സർക്കാർ നൽകി. ജിയോളജിയുടെ റിപ്പോർട്ട് പ്രകാരം 88 കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കുകയുംചെയ്‌തു. മാറ്റിത്താമസിപ്പിച്ച മുഴുവൻ കുടുംബങ്ങൾക്കും നിലവിലെ വീടും ഭൂമിയും അവരുടെ ഉടമസ്ഥതയിൽതന്നെ തുടരാനും അനുമതി നൽകി. എന്നാൽ, മുസ്ലിംലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ദുരന്തബാധിതർക്കായി ഇടപെട്ടില്ല. സ്വന്തം മണ്ഡലമായിട്ടുപോലും രാഹുൽ ഗാന്ധി എംപി ഫണ്ടിൽനിന്ന് കവളപ്പാറക്ക് ഒരുരൂപയും അനുവദിച്ചില്ല.











0 comments