വീണ്ടും പൊന്നാനി എംഎൽഎയുടെ തള്ള്
ന്നാ പിടിച്ചോ 8 കോടി

നിർമാണം പുരോഗമിക്കുന്ന പെരുമ്പടപ്പ് ചെറുവല്ലൂർ ബണ്ട് റോഡ്
പൊന്നാനി
മൂന്ന് വർഷംമുമ്പ് എട്ട് കോടിയുടെ ഭരണാനുമതി ലഭിക്കുകയും ഒന്നരവർഷംമുമ്പ് നിർമാണം ആരംഭിക്കുകയും ചെയ്‌ത പദ്ധതിക്ക് വീണ്ടും എട്ട് കോടിയുടെ ഭരണാനുമതിയെന്ന എംഎൽഎയുടെ പ്രഖ്യാപനത്തിനെതിരെ വ്യാപക പരിഹാസം. നിർമാണം പുരോഗമിക്കുന്ന പെരുമ്പടപ്പ് ചെറുവല്ലൂർ ബണ്ട് റോഡിനാണ് വീണ്ടും പൊന്നാനി എംഎൽഎ ‘ഭരണാനുമതി’ പ്രഖ്യാപിച്ചത്. ഇതോടെ കെ പി നൗഷാദലി എംഎൽഎയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശമുയർന്നു.
2025 ഫെബ്രുവരിയിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി എ മുഹമ്മദ് റിയാസ് പെരുമ്പടപ്പ് ചെറുവല്ലൂർ റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 70 ശതമാനം പൂർത്തിയാവുകയും ചെയ്തു. റോഡിൽ തോടിനോട് ചേർന്ന് മണ്ണിട്ട് നികത്താനായിരുന്നു (പിച്ചിങ്) ആദ്യത്തെ എസ്റ്റിമേറ്റ്. എന്നാൽ പിന്നീടത് മാറ്റി ഗാബിയോൺ റീറ്റൈനിങ് വാൾ നിർമിക്കാൻ തീരുമാനിച്ചു. എസ്റ്റിമേറ്റിൽ മാറ്റംവരുത്തി ഗാബിയോൺ വാൾ നിർമിക്കാൻ സർക്കാർ അനുമതി ആവശ്യമായതിനാൽ ഇതിനായി അപേക്ഷ നൽകിയിരുന്നു. ഇതാണ് വീണ്ടും എട്ട് കോടിയുടെ ഭരണാനുമതി എന്ന പേരിൽ എംഎൽഎ പോസ്റ്റർ ഇറക്കിയത്.
പെരുമ്പടപ്പ് ചെറുവല്ലൂരിന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് എട്ട് കോടി അനുവദിച്ചത്. മലബാർ പ്ലസ് കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല. പാലം ഉൾപ്പെടെ ഒമ്പത് മീറ്റർ വീതിയിൽ 650 മീറ്റർ നീളത്തിലാണ് ചെറുവല്ലൂർ ബണ്ട് റോഡ്. കെഎൽഡിസി നിർമിച്ച നിലവിലെ പാലം നിലനിർത്തി അതിനോട് ചേർന്ന് അതേ വലിപ്പത്തിൽ പുതിയ പാലം നിർമിക്കും. ഇതോടെ ഇരുവശത്തും നടപ്പാത ഉൾപ്പെടെ ഒമ്പത് മീറ്റർ വീതിയിൽ പാലമാകും. എംഎൽഎയായിരുന്ന പി നന്ദകുമാറിന്റെ ഇടപെടലിലാണ് പദ്ധതിക്ക് എൽഡിഎഫ് സർക്കാർ തുക വർധിപ്പിച്ച് നിർമാണം തുടങ്ങിയത്. പെരുമ്പടപ്പിലെ ഏഴ്, എട്ട് വാർഡുകളെ പഞ്ചായത്തുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ബണ്ട് റോഡ്.
പൊന്നാനി കോളിലെ നൂണകടവ്, വള്ളുമ്പായി കോൾ പടവുകളിലായി നൂറടി തോടിന് കുറുകെയാണ് നിർമാണം.









0 comments