Deshabhimani

ഇരുട്ടുകുത്തി പാലം

ക്രഡിറ്റ്‌ തട്ടാൻ എംഎൽഎയുടെ നുണപ്രചാരണം

MLA Aryadan Shoukath spreading lies
avatar
വി കെ ഷാനവാസ്‌

Published on Oct 19, 2026, 12:29 AM | 2 min read

എടക്കര

മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി ആദിവാസി ഉന്നതിയിലേക്ക് എൽഡിഎഫ് സർക്കാർ നിർമിച്ച പാലത്തിന്റെ ക്രഡിറ്റ്‌ സ്വന്തം പേരിലാക്കാൻ നുണ പ്രചാരണവുമായി ആര്യാടൻ ഷൗക്കത്ത് എംഎൽഎ. ഇരുട്ടുകുത്തി ആദിവാസി ഉന്നതിയുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് ആര്യാടൻ ഷൗക്കത്ത് എംഎൽഎ 2023 ആഗസ്‌ത് 10ന്‌ ഹൈക്കോടതിയിൽ നൽകിയ ഹർജി ചൂണ്ടിക്കാണിച്ചാണ്‌ പ്രചാരണം. എന്നാൽ ഇതിനു ഒരു മാസം മുമ്പുതന്നെ എൽഡിഎഫ് സർക്കാർ പാലത്തിന് ഫണ്ട് അനുവദിച്ചിരുന്നു. 2023 ജൂലൈ 11ന്‌ സർക്കാർ ചാലിയാർ പുഴക്ക് കുറുകെ പാലം നിർമിക്കാൻ 5 കോടി 76 ലക്ഷം അനുവദിച്ചതിന്റെ രേഖകൾ പുറത്തുവന്നു. പാലം ലഭിച്ചതോടെ ആദിവാസികളുടെ കണ്ണിൽ പൊടിയിടാനാണ് ആര്യാടൻ ഷൗക്കത്ത് ഹൈക്കോടതിയെ സമീപിച്ചതെന്ന്‌ ഇതോടെ വ്യക്തമായി. ഇരുട്ടുകുത്തി പാലം ഉദ്ഘാടന വേളയിലാണ് ഞാൻ ഹൈക്കോടതിയിൽപോയ ശേഷമാണ് സർക്കാർ പണം അനുവദിച്ചതെന്ന നുണ ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞത്.

​

അവഗണിച്ചത് 
ആര്യാടൻ മുഹമ്മദ്

35 വർഷം ആര്യാടൻ മുഹമ്മദ് എംഎൽഎയും മന്ത്രിയും ആയിരുന്നു. വൈദ്യുതി മന്ത്രിയായിട്ടുപോലും നാല് ആദിവാസി ഉന്നതിക്കും വൈദ്യുതി അനുവദിക്കാൻ ആര്യാടൻ മുഹമ്മദ് തയ്യാറായില്ല. എം എം മണി വൈദ്യുതി മന്ത്രിയായതോടെ മൂന്നര കോടി ചിലവഴിച്ചാണ് നാല് ഉന്നതിക്കും വൈദ്യുതി നൽകിയത്. ആര്യാടൻ ഷൗക്കത്ത് എംഎൽഎയായശേഷം മുമ്പ് നൽകിയ ഹർജി പിൻവലിക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഈ വിഷയത്തിൽ നടത്തിയത്. എംഎൽഎ ആയിട്ട് വർഷം രണ്ട് പിന്നിടുമ്പോഴും ഒരു രൂപ എംഎൽഎ ഫണ്ടോ, യുഡിഎഫ് സർക്കാരിന്റെ ഫണ്ടോ ആദിവാസി ഉന്നതിക്ക് ലഭിച്ചിട്ടില്ല. പാലം, വൈദ്യുതി, 13 ഏക്കർ ഭൂമി പതിച്ച് നൽകൽ, കുമ്പളപ്പാറയിൽ ലൈഫ് വീടുകൾ, വാണിയമ്പുഴ കോൺഗ്രീറ്റ് റോഡ്, വനത്തിൽ സ്മാർട്ട് അങ്കണവാടി, ആദിവാസികൾക്ക് സ്പെഷ്യൽ റിക്രൂട്മെന്റിൽ ജോലി, എബിസിഡി പദ്ധതിയിൽ അവശ്യ രേഖകൾ എല്ലാം മുൻ എൽഡിഎഫ് സർക്കാർ അനുവദിച്ചതാണ്. ​


2021ൽ നടപടി തുടങ്ങി

മുണ്ടേരി കൃഷി ഫാമിനുള്ളിലെ ചാലിയാറിന് കുറുകെയുള്ള ഇരുട്ടുകുത്തി പാലം നിർമ്മിക്കാനുള്ള സർവേക്ക് 5 ലക്ഷത്തിന്റെ ഭരണാനുമതി 2021 ഒക്ടോബർ 22ന് എൽഡിഎഫ് സർക്കാർ നൽകി. സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് 2023ൽ കോഴിക്കോട് പത്ര സമ്മേളനത്തിലാണ് ആദിവാസി മേഖലക്ക് സംസ്ഥാന പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി ഇരുട്ടുകുത്തി കടവിൽ ആദ്യ പാലം നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. മന്ത്രിയുടെ പത്ര സമ്മേളനവും സർക്കാർ ഉത്തരവും വന്ന് ഒരു മാസത്തിനുശേഷമാണ് ആര്യാടൻ ഷൗക്കത്ത് കോടതിയെ സമീപിച്ചത്. ​


യുഡിഎഫ് കാലത്ത് 
അഴിമതി പാലം

ആര്യാടൻ മുഹമ്മദിന്റെ കാലയളവിൽ നിർമിച്ച കോൺഗ്രീറ്റ് പാലം രണ്ട് തവണ മഴകാലത്ത് തകർന്നിരുന്നു. രണ്ട് കോൺഗ്രീറ്റ് പാലവും 10 ലക്ഷം, 25 ലക്ഷം ചിലവിലാണ് നിർമിച്ചിരുന്നത്. ഭാരമുള്ള വാഹനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ട് പാലത്തിന്റെ നിർമ്മാണത്തിലും അഴിമതി കാരണം വിജിലൻസ് അന്വേഷണം നടന്നതിനും രേഖകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home