ബാലാതിരുത്തി
വനംവകുപ്പിന്റെ ഇടപെടൽ നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദേശം

ബാലാതിരുത്തിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം
വള്ളിക്കുന്ന്
ആർഡിഒയുടെ സെറ്റിൽമെന്റ് നടപടി പൂർത്തിയാകുന്നതുവരെ ബാലാതിരുത്തിയിലെ സ്വകാര്യ വ്യക്തികൾ കൈവശംവച്ചുവരുന്ന ഭൂമിയിൽ വനംവകുപ്പിന്റെ ഇടപെടൽ നിർത്തിവയ്ക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദേശിച്ചു. താനൂർ പിഡബ്ല്യുഡി ഗൗസ്റ്റ് ഹൗസിൽ മന്ത്രി വി അബ്ദുറഹ്‌മാന്റെ സാന്നിധ്യത്തിൽ റിസർവ് ഫോറസ്റ്റ് -ജനകീയ പ്രതിരോധ സമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദേശം നൽകിയത്. വിളവെടുപ്പ് തടസ്സപ്പെടുത്തരുതെന്നും വ്യക്തികൾക്കെതിരെ കേസെടുക്കരുതെന്നും മന്ത്രി നിർദേശിച്ചു. 2007ൽ നിലവിൽവന്ന കമ്യൂണിറ്റി റിസർവ് എന്ന ആശയം നിലനിർത്തി റിസർവ് ഫോറസ്റ്റാക്കി മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. നേരത്തെ ബാലാതിരുത്തിയിൽ മന്ത്രി വി അബ്ദുറഹ്‌മാനും ജനകീയ പ്രതിരോധ സമിതിയും നടത്തിയ ചർച്ചയിൽ ഈ ആവശ്യം ഉയര്‍ന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ വിളകൾ നശിപ്പിക്കുന്നതായും കേസെടുക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. സെറ്റിൽമെന്റ് ഓഫീസറായ ആർഡിഒ പരാതി പരിഹാരത്തിന് നടപടി സ്വീകരിച്ചില്ലെന്നും യോഗത്തിൽ വിമർശമുയർന്നു. തുടർന്ന് പ്രശ്നബാധിതരെ നേരിൽ കേൾക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ആർഡിഒ, ഡിഎഫ്ഒ എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിൽ സിപിഐ എം വള്ളിക്കുന്ന് ഏരിയാ കമ്മിറ്റിയംഗം പി ഹൃഷികേശ്കുമാർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജൻ പൊക്കടവത്ത്, നാലാം വാർഡ് മെമ്പർ എ പി സിന്ധു, ജനകീയ പ്രതിരോധ സമിതി സെക്രട്ടറി ഒ മുരളീധരൻ, അംഗങ്ങളായ എ പി ഹരിദാസൻ, എ പി സുധീശൻ, ആർഡിഒ ദിലീപ് കൈനിക്കര, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഞ്‌ജൻ കുമാർ, ഡിഎഫ്ഒ യു ആഷിഖ് അലി എന്നിവരും പങ്കെടുത്തു.










0 comments