സഹായമൊരുക്കി ഹെൽപ് ഡെസ്‌ക്
മെഡിക്കൽ കോളേജിലെത്തിയാൽ ശങ്കിച്ചുനിൽക്കേണ്ട...


സ്വന്തം ലേഖകൻ
Published on Nov 07, 2026, 12:02 AM | 1 min read
മഞ്ചേരി
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളും കൂട്ടുവരുന്നവരും വരാന്തകളിൽ സംശയത്തോടെ നിൽക്കേണ്ടിവരാറില്ല. എന്തു സഹായവുമൊരുക്കി കൂട്ടാവുകയാണ് കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്. ആശുപത്രിയിലെ നീണ്ട വരാന്തകളിൽ ഏത് ഡോക്ടറെ കാണണം എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചുനിൽക്കുന്നവർക്ക് സ്നേഹത്തോടെ വഴികാട്ടിയും ആവശ്യമായ വിവരങ്ങൾ നൽകിയുമാണ് ഡെസ്ക് സേവനമൊരുക്കുന്നത്.
നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇതിനകം ഹെൽപ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാനും വിവിധ വിഭാഗങ്ങളിലേക്കുള്ള വഴികാട്ടാനും സഹായിക്കുന്ന ഈ സ്നേഹക്കൂട്ടായ്മ വലിയ ആശ്വാസമാണ്. രോഗികൾക്ക് ചികിത്സാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇവർ സഹായമാകുന്നു.
ജോലിസമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് എൻജിഒ യൂണിയൻ പ്രവർത്തകർ സേവനസന്നദ്ധരാകുന്നത്. നിശ്ചയിക്കപ്പെട്ട ഔദ്യോഗിക ജോലികൾക്ക് തടസ്സമുണ്ടാക്കാതെയാണ് എൻജിഒ യൂണിയൻ പ്രവർത്തകർ ഹെൽപ് ഡെസ്കിനായി സമയം കണ്ടെത്തുന്നത്. ഹെൽപ് ഡെസ്കിന്റെ പ്രവർത്തനത്തിന് മുൻകൂർ അനുമതി നേടിയിട്ടുണ്ടെന്നും ആശുപത്രിയിലെ ഔദ്യോഗിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഹെൽപ് ഡെസ്ക് പൂട്ടിപ്പിക്കാനുള്ള ചിലരുടെ നീക്കങ്ങൾക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. രോഗികൾക്ക് ആശ്വാസമാകുന്ന സേവനം തുടരണമെന്നതാണ് യൂണിയന്റെ നിലപാട്.









0 comments