Deshabhimani

ആശുപത്രി വികസന സൊസൈറ്റികളിൽനിന്ന് ജനപ്രതിനിധികളെ വെട്ടി

ജനപങ്കാളിത്തം അട്ടിമറിക്കാൻ ഗൂഢനീക്കം

Manjeri Medical College
വെബ് ഡെസ്ക്

Published on Oct 08, 2026, 12:14 AM | 1 min read

മഞ്ചേരി

പൊതുജനാരോഗ്യ മേഖലയെ അട്ടിമറിച്ച് സ്വകാര്യ ഏജൻസികൾക്ക് പണയംവയ്ക്കാനും ആശുപത്രി ഭരണത്തിൽ അഴിമതിക്ക് വഴിയൊരുക്കാനും ലക്ഷ്യമിട്ട് സർക്കാർ ഉത്തരവ്. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പാക്കിയിരുന്ന ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റികളിൽ (എച്ച്ഡിഎസ്)നിന്ന് ജനപ്രതിനിധികളെയും പ്രതിപക്ഷ രാഷ്ട്രീയ പാർടി പ്രതിനിധികളെയും പൂർണമായും ഒഴിവാക്കി. സെപ്തംബർ എട്ടിനാണ് ഭരണകക്ഷി താല്‍പ്പര്യങ്ങൾമാത്രം സംരക്ഷിക്കുന്ന രീതിയിൽ എച്ച്ഡിഎസ് പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവിറങ്ങിയത്. പതിറ്റാണ്ടുകളായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതികളാണ് ആശുപത്രികളുടെ ജനകീയ നടത്തിപ്പിന് നേതൃത്വം നൽകിയിരുന്നത്. കലക്ടർ ചെയർമാനും ആശുപത്രി സൂപ്രണ്ട് കൺവീനറുമായ ഈ സമിതികളിൽ പ്രതിപക്ഷ അംഗങ്ങളുടെ സാന്നിധ്യം അഴിമതി തടയുന്നതിനും പൊതുജനങ്ങളുടെ ശബ്ദമുയർത്തുന്നതിനും വലിയ കരുത്തായിരുന്നു. എന്നാൽ പുതിയ നിർദേശപ്രകാരം ഉദ്യോഗസ്ഥരെയും ഭരണകക്ഷി പ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കാനാണ് നീക്കം. ജനകീയ മേൽനോട്ടം ഇല്ലാതാകുന്നതോടെ ആശുപത്രികളിൽ ഏകപക്ഷീയമായി ഫീസുകൾ വർധിപ്പിക്കാനും സാധാരണക്കാർക്ക് ചികിത്സാച്ചെലവ് താങ്ങാനാവാത്തവിധം കൂട്ടാനും സമിതികൾക്ക് സാധിക്കും. അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും പേരിൽ നടക്കുന്ന കോടികളുടെ ഇടപാടുകളിൽ സുതാര്യത പൂർണമായും നഷ്ടപ്പെടും. താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലും പിരിച്ചുവിടലിലും സ്വന്തക്കാരെ തിരുകിക്കയറ്റാനും തന്നിഷ്ടം നടപ്പാക്കാനും വഴിയൊരുങ്ങും. തെറ്റായ നടപടികളെ ചോദ്യംചെയ്യാനും തിരുത്തിക്കാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കി. ജനകീയ പ്രതിഷേധങ്ങളെപ്പോലും ഇല്ലാതാക്കാനാണ് സർക്കാരിന്റെ നീക്കം. പൊതുജനാരോഗ്യ സംരക്ഷണത്തിന് തിരിച്ചടിയാകുന്ന ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home