Deshabhimani

വിസി സ്മാരക ഗ്രന്ഥാലയം 
80 പിന്നിടുന്നു

Mahakavi V. C. Balakrishnan Panicker Memorial Library and Reading Room, Oorakam Keezhumuri

വി സി സ്മാരക ഗ്രന്ഥാലയം കാണാൻ എത്തിയ കുട്ടികൾക്കൊപ്പം വായനശാല ഭാരവാഹികൾ

avatar
കെ കെ രാമകൃഷ്ണൻ

Published on Oct 18, 2026, 12:15 AM | 1 min read

വേങ്ങര

മഹാകവി വി സി ബാലകൃഷ്ണപ്പണിക്കരുടെ നാമഥേയത്തിലുള്ള ഏക സ്മാരകമായ ഊരകം കീഴ്‌മുറി മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥാലയം ആൻഡ്‌ വായനശാല 80 പിന്നിടുന്നു. ഊരകത്തെ മലയാള ഭാഷയിൽ രേഖപ്പെടുത്തിയ ബാലകൃഷ്ണപ്പണിക്കരുടെ പേരിൽ 1946ലാണ് ഗ്രന്ഥശാല സ്ഥാപിക്കുന്നത്. ചേരമംഗലത്ത് നാരായണൻ നമ്പൂതിരി, കല്ലേങ്ങൽ രാഘവൻ നായർ, കിഴക്കില്ലത്ത് കരുണാകരൻ നായർ എന്നിവരാണ്‌ നേതൃത്വം നൽകിയത്‌. ഊരകം കുന്നത്തും എട്ടാംകല്ലിലുമൊക്കെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞ വായനശാലക്ക് കീഴ്‌മുറി വിഷ്ണു ക്ഷേത്രത്തിനുസമീപം സ്ഥലം ലഭിച്ചതോടെയാണ് സ്വന്തം കെട്ടിടം ഉയരുന്നത്‌. എളമ്പിലാക്കാട്ട് ശങ്കരൻ നമ്പൂതിരി സംഭാവനചെയ്ത സ്ഥലത്ത് 1975ൽ ചെറിയ കെട്ടിടമുയർന്നു. ഗ്രന്ഥശാലാ സംഘത്തിന്റെ സഹായത്തോടെ രണ്ടുലക്ഷം രൂപ ചെലവിൽ നിർമിച്ച ഇപ്പോഴത്തെ ഇരുനിലകെട്ടിടം 2005ൽ ഗ്രന്ഥശാല സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി ഐ വി ദാസാണ് ഉദ്ഘാടനംചെയ്തത്. ഗ്രന്ഥശാലയെ ജില്ലയിലെതന്നെ എണ്ണപ്പെട്ട സ്ഥാപനമാക്കി ഉയർത്തുന്നതിൽ പരേതരായ കെ കെ വാസു നായർ, കെ സുരേഷ് കുമാർ, കെ സേതുമാധവൻ തുടങ്ങിയവർ നിർണായക പങ്ക് വഹിച്ചിരുന്നു. എ ഗ്രേഡ് ഗ്രന്ഥശാലയായ ഇവിടെ 15000ലധികം പുസ്തകങ്ങളാണുള്ളത്. 2017ൽ ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ കെ പി സോമനാഥനാണ് പ്രസിഡന്റ്‌. ടി പി ശങ്കരനാണ്‌ സെക്രട്ടറി. ​ജില്ലയിലെ കവികളെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കാൻ 2009മുതൽ ഗ്രന്ഥാലയം വിസി പുരസ്കാരം നൽകുന്നുണ്ട്‌. ഇത്തവണ ടി പി മുഹമ്മദ് അബ്ബാസിനാണ്‌ പുരസ്‌കാരം. ഞായർ രാവിലെ 10ന്‌ കീഴ്‌മുറി ജിഎൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം എൻ കാരശ്ശേരി പുരസ്കാരം സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home