തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ നാടിന്റെ പ്രതിഷേധം

മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
എസ്ഐആര്‍ നടപടികളില്‍ ഏകപക്ഷീയമായി തീരുമാനമെടുത്ത മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉജ്വല പ്രതിഷേധം നടന്നു. കേന്ദ്രസര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും താല്‍പ്പര്യപ്രകാരം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്ന ഗ്യാനേഷ് കുമാറിനെതിരെ തെരുവില്‍ മുദ്രാവാക്യമുയര്‍ന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുസദസ്സും സംഘടിപ്പിച്ചു. കുന്നുമ്മല്‍ നഗരംചുറ്റിയ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കുന്നതിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണിത്. ആര്‍എസ്എസിന് താല്‍പ്പര്യമുള്ളവരെയാണ് താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതെന്നും വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി കെ കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ ജോണി പുല്ലന്താണി (കേരള കോണ്‍ഗ്രസ് എം), ഹംസ പാലൂര്‍ (എന്‍സിപി എസ്‍പി), ഷെരീഫ് പാലോളി (ഐഎസ്ജെഡി), സി പി രാധാകൃഷ്ണന്‍ (എന്‍സിപി എസ്), നാസര്‍ കൊട്ടാരത്തില്‍ (കേരള കോണ്‍ഗ്രസ് ബി), അലി പുല്ലിത്തൊടി (ആര്‍ജെഡി), സമദ് തയ്യില്‍ (ഐഎന്‍എല്‍), നാസര്‍ പുല്‍പ്പറ്റ (കോണ്‍ഗ്രസ് എസ്), മുജീബ് ഹസന്‍ (നാഷണല്‍ ലീഗ്), മുന്‍ മന്ത്രി വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.









0 comments