Deshabhimani

മങ്കട കടന്നമണ്ണയിലെ എല്‍ഡിഎഫ് ജയം

തോറ്റത് ലീഗ്– വെൽഫെയർ വര്‍ഗീയ കൂട്ടുകെട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 12:54 AM | 1 min read

സ്വന്തം ലേഖകന്‍

മലപ്പുറം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മങ്കട പഞ്ചായത്തിലെ നാലാം വാര്‍ഡ് കടന്നമണ്ണയിലെ എല്‍ഡിഎഫ് ജയം വര്‍ഗീയശക്തികളെ കൂട്ടുപിടിക്കുന്ന മുസ്ലിംലീഗ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. ലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയത്തിലേറ്റിയത്. 49 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാത്തുട്ടി അബ്ദുറഹിമാൻ പൂന്തോട്ടത്തില്‍ ജയിച്ചത്. 634 വോട്ടുനേടി. ലീഗ്, വെല്‍ഫെയര്‍ സംയുക്ത സ്ഥാനാര്‍ഥി റസിയ പൂന്തോട്ടത്തിലിന് 585 വോട്ടുമാത്രമാണ് ലഭിച്ചത്. 2025ലെ തെരഞ്ഞെടുപ്പിലാണ് ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന കടന്നമണ്ണ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സി പി നസീറ 50 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ആകെ 423 വോട്ട് കിട്ടി. രണ്ടാംസ്ഥാനത്തായ വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥിക്ക് 373 വോട്ടും മൂന്നാം സ്ഥാനത്തൊതുങ്ങിയ ലീഗ് സ്ഥാനാര്‍ഥിക്ക് 351 വോട്ടുമായിരുന്നു. ജനുവരിയില്‍ വാഹനാപകടത്തില്‍ സി പി നസീറ മരണപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിന് വഴിതെളിച്ചത്. ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കട മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിക്കുവേണ്ടി വോട്ടുപിടിച്ചാല്‍ വെല്‍ഫെയര്‍ പാര്‍ടിക്ക് കടന്നമണ്ണ സീറ്റ് വിട്ടുനല്‍കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ധാരണപ്രകാരമാണ് ലീഗ് മുന്‍ പഞ്ചായത്തംഗമായിരുന്ന റസിയ പൂന്തോട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയാക്കിയത്. ചുരുങ്ങിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ വാര്‍ഡ് തിരിച്ചുപിടിക്കാമെന്ന വ്യാമോഹമാണ് ഫലപ്രഖ്യാപനത്തിലൂടെ പൊലിഞ്ഞത്. സംയുക്ത സ്ഥാനാര്‍ഥി വലിയ പരാജയമേറ്റുവാങ്ങിയത് മുസ്ലിംലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ടിയുടെയും നേതൃത്വത്തിന് നാണക്കേടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home