ക്വാറി മാറിയൊരു വനമായി

നെടിയിരുപ്പിലെ കെ എം കോയാമുവിന്റെ ക്വാറിയിലെ കൃഷി
ബഷീർ അമ്പാട്ട്
Published on Jun 06, 2025, 12:15 AM | 1 min read
കൊണ്ടോട്ടി
പ്രകൃതിയുടെ മുറിപ്പാടാവുമായിരുന്ന ക്വാറിയില്‍ നാടന്‍തൈകളും ഫലവൃക്ഷങ്ങളുമായി പച്ചപ്പിന്റെ വിരുന്നൊരുക്കിയ അതിമനോഹര കാഴ്ചയുണ്ട് കൊണ്ടോട്ടിയില്‍. നെടിയിരുപ്പ് ചിറയില്‍ കെഎം കോയാമുവിന്റെ നാല്‍പ്പത് ഏക്കര്‍വരുന്ന ക്വാറിയാണ് കൊടും വനവും തൈ ഉൽപ്പാദനകേന്ദ്രവുമാക്കി പുനഃസൃഷ്ടിച്ചത്. മൂന്നുവര്‍ഷത്തെ കഠിനാധ്വാനമാണ് ചിറയില്‍ അഗ്രോ ഫാമിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. അപൂര്‍വമായ അനേകം ഫലവൃക്ഷത്തൈകളും നാടന്‍തൈകളും നാട്ടിലുണ്ടാകുന്ന വിദേശ ഫലവൃക്ഷങ്ങളും കാലാവസ്ഥയ്ക്കുയോജിച്ച മറ്റ് സസ്യങ്ങളുമാണ് കോയാമു കൃഷിചെയ്യുന്നത്. വിവിധയിനം കവുങ്ങുകള്‍, മാവുകള്‍, പ്ലാവുകള്‍, ബട്ടര്‍, റംബൂട്ടാന്‍, ഓറഞ്ച്, ജാതിക്ക, വിവിധയിനം കുരുമുളക് തുടങ്ങി അനേകമുണ്ട് വിഭവങ്ങള്‍. ഒരുമാവില്‍ത്തന്നെ നാലുമുതല്‍ എട്ടുവരെ വ്യത്യസ്ത മാത്തൈകള്‍ ഗ്രാഫ്റ്റുചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള മാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കാനും സൗകര്യമുണ്ട്. മലബാറിലെ നഴ്‌സറികള്‍ സമീപകാലംവരെ മണ്ണുത്തിയില്‍നിന്നാണ് തൈകള്‍ കൊണ്ടുവന്നിരുന്നത്. മലബാറില്‍ ഏതാണ്ട് 600 നഴ്‌സറികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഇരുനൂറോളം നഴ്‌സറികള്‍ ഇപ്പോള്‍ ചിറയില്‍ അഗ്രോ ഫാമിനെ സമീപിക്കുന്നു. ക്വാറി ഉയര്‍ത്തിയും നിരത്തിയുമാണ് ഈ പ്രദേശത്തെ കൃഷിക്ക് യോഗ്യമാക്കിയത്. ഒരു ഏക്കര്‍വരുന്ന ക്വാറിഭാഗത്ത് ആവശ്യത്തിനുള്ള വെള്ളം സംഭരിച്ചിട്ടുണ്ട്. മൂന്ന് ഏക്കര്‍ വൈവിധ്യമാര്‍ന്ന മരങ്ങളുള്ള കാടാക്കി മാറ്റി. ആറ് ഏക്കറിലധികം സ്ഥലത്ത് ഫലവൃക്ഷത്തൈകളുടെ ഉൽപ്പാദനവും നടക്കുന്നു. ഏഴ് ഏക്കര്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി മാറ്റിവച്ചു. മീന്‍കൃഷിയും ഇവിടെ നടക്കുന്നു. പത്തുലക്ഷത്തിലധികം തൈകള്‍ പ്രതിവര്‍ഷം വില്‍പ്പന നടത്തുന്നുണ്ട്. മണ്ണിര കമ്പോസ്റ്റും മീന്‍വെള്ളവും വെര്‍മിവാഷുമാണ് ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത്. രാസവളത്തിന്റെ ഉപയോഗം കാര്യമായി ആവശ്യമില്ല. ക്വാറി പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ അന്നത്തെ തൊഴിലാളികളെ എന്തുചെയ്യുമെന്ന ചിന്തയില്‍നിന്നാണ് ഈ ആശയമുദിച്ചതെന്ന് ഉടമ പറയുന്നു. ഇപ്പോള്‍ 60 തൊഴിലാളികളുണ്ട്.










0 comments