താളമിടാൻ ജുനൈദില്ല, കൂടെയുള്ളത് ഓർമകൾ

ജുനൈദിന്റെ ഓർമകളുമായി പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ദഫ്മുട്ട് മത്സരത്തിൽ പങ്കെടുത്ത തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടീം. ജുനൈദും മത്സരത്തിനുവേണ്ടി പരിശീലനത്തിലായിരുന്നു
പി പ്രശാന്ത്കുമാർ
Published on Nov 20, 2026, 12:12 AM | 1 min read
തിരൂരങ്ങാടി
ചെസ്റ്റ് നമ്പർ ഒന്ന്. പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാനദിനം നാലം നമ്പർ വേദിയിലെ ഉച്ചഭാഷിണിയിൽനിന്ന് അറിയിപ്പുവന്നു. ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് മത്സരമാണ് നടക്കാൻ പോകുന്നത്. ആദ്യ ചെസ്റ്റ് നമ്പറിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം. ദഫ്മുട്ട് ടീമംഗങ്ങളുടെയും കാണികളുടെയും മുഖത്ത് ദുഃഖത്തിന്റെ കരിനിഴൽ. മത്സരം തുടങ്ങി. വേദിയിൽ ദഫിന്റെ താളം. ചുവടുകളുടെ ചാരുത. പക്ഷേ കൂടെ ചേരേണ്ടിയിരുന്ന ജുനൈദിന്റെ താളമുണ്ടായിരുന്നില്ല.
ഞായറാഴ്ച രാവിലെ ചെറുമുക്ക് പാടത്ത് വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ച എറപറമ്പൻ ജുനൈദ് പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിലും വിങ്ങുന്ന ഓർമയായി. രണ്ടാഴ്ചയിലേറെയായി പരിശീലനത്തിലായിരുന്നു ജുനൈദും ടീമും. വെള്ളിയാഴ്ച പരിശീലനത്തിനുശേഷമാണ് ജുനൈദ് വീട്ടിലേക്ക് മടങ്ങിയത്. ഒരിക്കലും തിരികെയെത്താത്ത യാത്രയായിരുന്നു അതെന്ന് സഹപാഠികൾക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല. അവന്റെ ഓർമകൾ നെഞ്ചിലേറ്റിയാണ് സഹപാഠികൾ വേദിയിലെത്തിയത്. സി ഹനീൻ, സി ഹസീൻ, ടി മുഹമ്മദ് ഹാദി, എം ഷെസിൻ, കെ റിവാസ് മുഹമ്മദ്, എ മുഹാദ്, മുഹമ്മദ് സവാഹ്, അസ്ബിൽ, ഷിബിലി, മുസ്തഫ, സി ഹനീൻ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. ജുനൈദിന് പകരമായി ടി മുഹമ്മദ് ഹാദിയാണ് മത്സരിച്ചത്. ടീം മത്സരത്തിൽ ബി ഗ്രേഡ് നേടി.
ജുനൈദിന്റെ മരണശേഷം പിന്നീട് പരിശീലനമൊന്നും നടത്താതെയാണ് ടീം മത്സരത്തിനെത്തിയത്. ജുനൈദ് മദ്രസയിൽ ദഫ്മുട്ട് സംഘത്തിലുണ്ടായിരുന്നു. അവനൊപ്പം ഒമ്പത് എഫിൽ പഠിക്കുന്ന നാലുപേരാണ് ടീമിലുണ്ടായിരുന്നത്. അധ്യാപകനായ കെ അബ്ദുറഹിമാന്റെ മാർഗനിർദേശങ്ങളിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ഷെഹീനും അഞ്ചലുമാണ് ദഫ്മുട്ട് ടീമിന് പരിശീലനം നൽകിയത്.









0 comments