ad
Deshabhimani

ട്രെൻഡിങ്ങാണ്‌... കോയിപ്ര മലവാരം

Is Koipra Malavaram trending?

ടികെ കോളനി കോട്ടപ്പുഴയിൽ ഒഴിവുദിനത്തിൽ ഉല്ലസിക്കാനെത്തിയ യുവാക്കൾ

avatar
നിഷാന്ത്‌ കോടിയാടൻ

Published on Jun 24, 2026, 12:00 AM | 1 min read

പൂക്കോട്ടുംപാടം

കോയിപ്ര മലവാരമാണിപ്പോ ട്രെൻഡിങ്. സോഷ്യൽ മീഡിയയിൽ മാത്രമൊതുങ്ങേണ്ടതല്ല ഇ‍ൗ പ്രകൃതിഭംഗിയെന്നാണ്‌ ജെൻസി ആരവം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കോയിപ്ര മലവാരത്തെ പ്രകൃതിഭംഗി ആസ്വദിക്കാനും ഒളോർവട്ടത്ത് പുഴയ്ക്കുകുറുകെ നിർമിച്ച ബണ്ടിൽ നീന്താനുമായി നിരവധി സഞ്ചാരികളാണ്‌ എത്തുന്നത്‌. കോട്ടപ്പുഴയിലെ മനോഹര കാഴ്‌ച നുകരാനെത്തുന്നവരുമേറെ. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി പുഴയോട് ചേർന്നൊരുക്കിയ ചെറുതോടിലെ നീന്തൽ സമൂഹമാധ്യമങ്ങൾ വഴി വൈറലായിരുന്നു. പ്രാദേശിക കലാകാരനായ മാജി പന്നിക്കോട്ടുമുണ്ട വലിയ കല്ലുകളിലും കെട്ടുകൾക്ക് മുകളിലും വരച്ച വന്യമൃഗങ്ങളുടെ ചിത്രംകൂടിയായതോടെ സംഗതി ക്ലിക്കായി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കായി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും യുവാക്കളും സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘമാണ്‌ ദിവസേന ഇവിടെയെത്തുന്നത്. ടികെ കോളനിയിലെ ഒളർവട്ടം കെട്ടുങ്ങൽ ചെക്ക് ഡാം, പൂത്തോട്ടം കടവ്, ആനകുണ്ട് തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നത്. അതേസമയം, ഇത് ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമല്ലെന്നത്‌ ആശങ്ക വർധിപ്പിക്കുന്നുണ്ട്‌. ചില സമയങ്ങളിൽ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകാറുണ്ട്. ഈ സമയത്ത്‌ വലിയ കല്ലുകൾനിറഞ്ഞ പുഴയിൽനിന്ന്‌ കയറി രക്ഷപ്പെടുകയെന്നത് ബുദ്ധിമുട്ടാണ്. കരടി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രദേശത്തുണ്ട്. ഒരുമുന്നറിയിപ്പ്‌ ബോർഡ് മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ടി കെ കോളനി ഒളർവട്ടം കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനും മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി വേണണമെന്ന ആവശ്യം ഇതോടെ ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home