ജീവനെടുക്കുന്ന ഖനനം

മുട്ടിയേല്‍ ആനക്കുളത്തെ അനധികൃത കരിങ്കല്‍ ക്വാറി
എം സനോജ്
Published on Oct 25, 2026, 12:24 AM | 1 min read
നിലമ്പൂർ
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭീതി വിട്ടൊഴിയാത്ത ചെട്ടിയാംപാറയ്ക്ക് മുകളിൽ അനധികൃത കരിങ്കൽ ഖനനം. ചാലിയാർ പഞ്ചായത്തിലെ പരിസ്ഥിതി മേഖലയായ മുട്ടിയേൽ വാർഡിലെ ആനക്കുളത്താണ് ലൈസൻസില്ലാത്ത ക്വാറിയിൽനിന്ന് പാറപൊട്ടിച്ച് കടത്തുന്നത്. 2018-ലെ ഉരുൾപൊട്ടലിൽ ആറുപേരുടെ ജീവനെടുത്ത ചെട്ടിയാംപാറയ്ക്ക് മുകൾഭാഗത്താണ് ക്വാറി പ്രവർത്തിക്കുന്നത്. വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിട്ടും ഖനനം തുടരുന്നതായുള്ള ആരോപണം പ്രദേശത്തെ ദുരന്തസാധ്യത സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. ജിയോളജി വകുപ്പ് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി കണ്ടെത്തിയ പ്രദേശത്താണ് ഖനനം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാറപൊട്ടിക്കലിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പകൽ പാറപൊട്ടിക്കൽ; പുലർച്ചെ കടത്ത് പകൽ പാറപൊട്ടിച്ച് ശേഖരിച്ചുവയ്ക്കുന്ന കരിങ്കല്ല് പുലർച്ചെ ലോറികളിൽ കടത്തുന്നതാണ് പതിവെന്നാണ് നാട്ടുകാരുടെ പരാതി. ഭരണസ്വാധീനം ഉപയോഗിച്ചും ചിലരുടെ ഒത്താശയോടെയുമാണ് ലൈസൻസില്ലാത്ത ക്വാറിയിൽ ഖനനം നടത്തുന്നതെന്നും ആരോപണമുണ്ട്. കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലാണ് ക്വാറി. പരാതി ലഭിക്കുമ്പോൾ വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകി പാറപൊട്ടിക്കൽ തടയാറുണ്ടെങ്കിലും വീണ്ടും ഖനനം സജീവമാകുന്നതായാണ് നാട്ടുകാർ പറയുന്നത്. കുറുമ്പലങ്ങോട് വില്ലേജ് പരിധിയിൽ നിലവിൽ ലൈസൻസുള്ള കരിങ്കൽ ക്വാറികളില്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. അഞ്ചുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം അനുമതിയില്ലാത്ത ഖനനം 1957-ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമത്തിലെ 4 (1), 4 (1എ) വകുപ്പുകളുടെ ലംഘനത്തിൽ ഉൾപ്പെടും. നിയമത്തിലെ 21 (1) വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാൽ അഞ്ചുവർഷംവരെ തടവും ഖനനം നടത്തിയ പ്രദേശത്തിന്റെ ഓരോ ഹെക്ടറിനും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാം. അനധികൃതമായി ഖനനംചെയ്ത ധാതുക്കളും കടത്തിന് ഉപയോഗിച്ച വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ആറുപേരുടെ ജീവനെടുത്ത ദുരന്തം നടന്ന പ്രദേശത്ത് വീണ്ടും അപകടസാധ്യത ഉയർത്തുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള പരാതിയിൽ അധികൃതർ ഗൗരവമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.









0 comments