കനത്ത മഴ; വഴിക്കടവിൽ*വ്യാപക നാശനഷ്ടം

കനത്ത മഴയിൽ വഴിക്കടവ് പൂവ്വത്തിപൊയിലിൽ പുലിയോടൻ ജാഫറിന്റെ കോഴിഫാമിൽ 2000 കോഴികൾ ചത്ത നിലയിൽ
എടക്കര
വഴിക്കടവിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശനി വൈകിട്ട് നിലയ്‌ക്കാതെ പെയ്‌ത മഴയിൽ വഴിക്കടവിലെ വിവിധ പ്രദേശങ്ങളിൽ മലവെള്ളം കയറിയാണ് നാശംവിതച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന അതിശക്തമായ മഴയാണുണ്ടായത്. വീടുകളിലെ കിണറ്റിൽ ചെളി നിറഞ്ഞ് കുടിവെള്ളം നിലച്ചു. ലക്ഷങ്ങളുടെ കൃഷി നശിച്ചു. ഫാമുകളിൽ വെള്ളം കയറി 15 ലക്ഷം രൂപയുടെ കോഴികൾ ചത്തു.
പൂവത്തിപൊയിൽ പ്രദേശത്ത് മാത്രം ഇരുപതോളം വീടുകളിൽ വെള്ളം കയറി. വഴിക്കടവ് പുലിയോടൻ ജാഫറിന്റെ കോഴിഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു. ഇല്ലിക്കൽ ഫിറോസിന്റെ ഫാമിൽ 1000-–ത്തിലധികം കോഴികളും ചത്തു. പുല്ലൻതോടി ജലീൽ, അയ്യപ്പൻ, കുണ്ടുകുളി മുഹമ്മദ്, ബേബി തുടങ്ങിയ കർഷകരുടെ കൃഷി വ്യാപകമായി നശിച്ചു. 20ൽ അധികം കിണറുകൾ ചെളിവെള്ളം കയറി മലിനമായി. പൂവത്തിപൊയിൽ റോഡ് ചെളിയും കല്ലും വന്നടിഞ്ഞു ഗതാഗതയോഗ്യമല്ലാതായി. ചിപ്സ് കമ്പനിൽ വെള്ളം കയറി വെളിച്ചെണ്ണ ടിന്നുകൾ ഉൾപ്പെടെ ഒലിച്ചുപോയി. വീടുകളിലെ പാത്രങ്ങളും, ഫ്രിഡ്ജ്, മിക്സി, കട്ടിൽ, കസേരകൾ, ബെഡ് എന്നിങ്ങനെ വീട്ടുപകരണങ്ങളും ഒലിച്ചുപോയി. പല വീടുകളിലും ചെളി വന്നടിഞ്ഞു. പ്രദേശത്ത് പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നടപടി ആരംഭിച്ചു. ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.








0 comments