വില കുതിച്ചു
പച്ചക്കറി തൊട്ടാൽ പൊള്ളും

പടിഞ്ഞാറ്റുമുറിയിലെ പച്ചക്കറി കട

സ്വന്തം ലേഖകൻ
Published on Nov 13, 2026, 12:15 AM | 1 min read
മലപ്പുറം
പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയർന്നതോടെ സാധാരണകാർ പ്രതിസന്ധിയിൽ. അടുക്കള ചെലവ് പിടിച്ചുനിർത്താനാകാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. മുമ്പ് 200–300 രൂപ നൽകിയാൽ നാലഞ്ച് ദിവസത്തേക്കുള്ള പച്ചക്കറികൾ വാങ്ങാമായിന്നു. ഇന്ന് അതേ അളവ് പച്ചക്കറിയ്ക്ക് 500 രൂപയോളം ചെലവാക്കണം.
വെളുത്തുള്ളിയുടെ വില 260 രൂപയിലെത്തി. ചെറിയ ഉള്ളി കിലോയ്ക്ക് 130 രൂപയാണ്. 30 രൂപയിൽ താഴെയായിരുന്ന വലിയ ഉള്ളിക്ക് 60 രൂപയായി. ബീറ്റ്റൂട്ട്, പയർ എന്നിവയ്ക്ക് 70 രൂപ വീതമാണ് വില. വലിയ ചേമ്പ്, ചെറിയ ചേമ്പ് എന്നിവയ്ക്കും 70 രൂപയാണ്. ചേനയ്ക്ക് 50 രൂപയും ഉരുളക്കിഴങ്ങിന് 40 രൂപയുമാണ്. മുളകിന്റെ വില 100 രൂപയിലെത്തി. കാബേജിന് 40 രൂപയും തക്കാളിയ്ക്ക് 30 രൂപയുമാണ്. മത്തൻ–30, വെള്ളരി–35, പടവലം–35 എന്നിങ്ങനെയാണ് വില.
നിത്യോപയോഗ സാധനങ്ങൾക്കും 15 മുതൽ 30 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. അരി, പഞ്ചസാര, ശർക്കര, ചായപ്പൊടി, വറ്റൽ മുളക്, മല്ലി, പയർവർഗങ്ങൾ എന്നിവക്കെല്ലാം വില വർധിച്ചു.
വെളിച്ചെണ്ണ 300 രൂപയ്ക്ക് മുകളിലാണ്. കോഴിമുട്ടയ്ക്ക് എട്ട് രൂപ കടന്നു. കോഴിയിറച്ചിക്ക് 220 മുതൽ 260 രൂപ വരെയായി. മീനിനും ഉയർന്ന വില നൽകേണ്ട സ്ഥിതിയാണ്. എന്നാൽ വിലക്കയറ്റം തടയാൻ സംസ്ഥാനസർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.









0 comments