'അസാമാന്യ കായികക്ഷമത; ഒറ്റക്കൈയനാണെന്നത് ദൗർബല്യമായിരുന്നില്ല’; വൈദ്യപരിശോധന നടത്തിയ ഡോക്ടർ പറയുന്നു

ഡോ. ഹിതേഷ് ശങ്കർ , ഗോവിന്ദച്ചാമി
മഞ്ചേരി: കാഴ്ചയിൽ ദുർബലനും യാചകനുമെന്ന് തോന്നിപ്പിച്ച ഒറ്റക്കൈയൻ ഗോവിന്ദച്ചാമി. അങ്ങനെ ഒരാൾക്ക് കൂറ്റൻ മതിലുകൾ എടുത്തുചാടാനും കയറിൽതൂങ്ങി അധികനേരം നിക്കാനും ഒരു പെൺകുട്ടിയെ ഇത്ര ക്രൂരമായി കൊലപ്പെടുത്താനും സാധിക്കുമോ...? ഈ സംശയങ്ങൾക്ക് പിന്നിലെ യാഥാർഥ്യം മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. ഹിതേഷ് ശങ്കറിന് നേരിട്ടറിയാം.
ഗോവിന്ദച്ചാമിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനുശേഷം ആ കൊടുംകുറ്റവാളിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത് ഡോ. ഹിതേഷായിരുന്നു. ദൃക്‌സാക്ഷികൾ ആരുമില്ലാത്ത കേസിൽ പ്രതിക്ക് വധശിക്ഷ കിട്ടാൻ കാരണമായതും ഹിതേഷിന്റെ പരിശോധനാ റിപ്പോട്ടായിരുന്നു.
ഒറ്റക്കൈയന്റെ ശരീരഭാഷയും വൈദ്യപരിശോധനാ ഫലങ്ങളും ഡോ. ഹിതേഷിന്റെ വാക്കുകൾക്ക് അടിവരയിടുന്നു. ഗോവിന്ദച്ചാമിയുടെ മസിലുകളുടെ ബലം, ശരീരഘടന, എല്ലുകളുടെ ഉറപ്പ് എന്നിവയെല്ലാം അസാമാന്യ കായികക്ഷമതയുള്ള ഒരാളുടേതായിരുന്നു. ഒറ്റക്കൈയനാണെന്നത് ദൗർബല്യമായിരുന്നില്ല, മറിച്ച് വർഷങ്ങളായി ട്രെയിനുകളിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്ത് ആ ഒറ്റക്കൈയ്ക്ക് അയാൾ നേടിയെടുത്തത് അസാധാരണമായ കരുത്തായിരുന്നു.
യാചകന്റെ ദുർബലമായ രൂപത്തിനുള്ളിൽ മറഞ്ഞിരുന്നത് അതിക്രൂരനായ, കരുത്തനായ ക്രിമിനലായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു ഗോവിന്ദച്ചാമിയുടെ വൈദ്യപരിശോധന. ഞാനും രണ്ട് പിജി വിദ്യാർഥികളും ലാബ് ടെക്‌നീഷ്യയായ പെൺകുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്വാധീനമുള്ള വലതുകൈയുടെ ശക്‌തി ഞങ്ങൾ വൈദ്യശാസ്ത്രപരമായി പരിശോധിച്ചു. ആ ഒറ്റക്കൈയ്ക്ക് നല്ല ശക്തിയുണ്ടായിരുന്നു. ലൈംഗികാസക്തിയും വളരെ കൂടുതലായിരുന്നു. ഒറ്റക്കൈയുടെ ശക്തി തെളിയിക്കുന്ന രേഖകളടക്കം ഞാൻ നൽകിയ എല്ലാ തെളിവുകളും കോടതി അംഗീകരിച്ചു. വിസ്താരത്തിനിടയിൽ ഗോവിന്ദച്ചാമി പല്ലിറുമ്മി തന്നോട് രോഷം പ്രകടിപ്പിച്ചതായും ഹിതേഷ് ശങ്കർ പറഞ്ഞു.









0 comments