Deshabhimani

പരിസ്ഥിതിലോല മേഖല

പാലം നിർമാണമുൾപ്പെടെ പ്രതിസന്ധിയിലാകും

a

പോത്തുകല്ല് പഞ്ചായത്തിലെ ചാലിയാർ പുഴയിൽ പൊന്നരിക്കുന്നു

avatar
വി കെ ഷാനവാസ്‌

Published on Sep 15, 2026, 12:15 AM | 2 min read

എടക്കര

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം കരട് വിജ്ഞാപനത്തിൽ നദികളിലും കടുത്ത നിയന്ത്രണം. പുതിയ പാലങ്ങൾ ഉൾപ്പെടെ പുഴകളിലെ നിർമാണങ്ങൾ നിലയ്‌ക്കുമെന്നതാണ്‌ സ്ഥിതി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിലാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ശുപാർശയിൽ വനത്തിനും നദികൾക്കും ഒരേ പ്രാധാന്യമുള്ളത്. മണൽ ഖനനത്തിന് കടുത്ത നിയന്ത്രണം കരട് വിജ്ഞാപനത്തിലുൾപ്പെടുത്തിയിട്ടുണ്ട്‌. നൂറിലധികം കാട്ടരുവികളും തോടുകളും വന്നെത്തുന്നത് മലയോര മേഖലയിലെ പുഴകളിലേക്കാണ്. ചാലിയാർ പുഴയും ഉപനദികളായ പുന്നപ്പുഴ, കരിമ്പുഴ, കലക്കൻപുഴ, കാരക്കോടൻപുഴ, വാണിയമ്പുഴ എന്നിവയെല്ലാം പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെട്ട വില്ലേജുകളിലൂടെയാണ് കടന്ന് പോകുന്നത്. കാലവർഷം ശക്തമായാൽ ഇവിടങ്ങളിൽ എക്കൽ വന്നടിയും. വരും കാലങ്ങളിൽ ഇവ നീക്കണമെങ്കിൽ പോലും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണം വിലങ്ങുതടിയായേക്കും. നിലവിൽ ജില്ലയിലെ 11 വില്ലേജുകളിലായി ചെറുതും വലുതുമായ നൂറോളം പാലങ്ങളുണ്ട്. ഇതിൽ 13 എണ്ണം നിർമാണ ഘട്ടത്തിലാണ്. വിജ്ഞാപനം അന്തിമമായാൽ പുതിയ പാലങ്ങൾ നിർമ്മിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എൻഒസി വേണ്ടിവരും. അമരമ്പലം, അകമ്പാടം, ചുങ്കത്തറ, വഴിക്കടവ്, കരുളായി, കുറുമ്പലങ്ങോട്, ചോക്കാട്, കാളികാവ്, പോത്തുകല്ല്, കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളാണ് പട്ടികയിലുള്ളത്. ഇഎസ്എ വിജ്ഞാപനം അന്തിമമാകുന്നതോടെ ഖനനം, ക്വാറികൾ, വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ, മണൽ വാരൽ എന്നിവയ്ക്ക് നിരോധനത്തിന് തുല്യമായ നിയന്ത്രണങ്ങളാകും. കൃഷിരീതികൾക്കും തദ്ദേശവാസികളുടെ ദൈനംദിന ജീവിതത്തിനും നിയന്ത്രണം വരും. കാർഷിക മേഖലയെ ലക്ഷ്യമിട്ട് റഗുലേറ്റർ കം ബ്രിഡ്ജ് സംവിധാനങ്ങളും മലയോര മേഖലയിലെ പുഴകളിലുണ്ട്.


പൊന്നരിപ്പിനും പൂട്ടുവീഴും

എടക്കര

പശ്ചിമഘട്ട പരിസ്ഥിതി ലോല കരട്‌ വിജ്ഞാപനം പശ്ചാത്തിൽ പുഴകളിലെ പൊന്നരിപ്പും അവസാനമാകും. വനത്തിനും നദി സംരക്ഷണങ്ങൾക്കും പ്രാധാന്യം നൽകിയാണ് കരട്‌ വിജ്ഞാപനം. കിഴക്കൻ മലയോര മേഖലയിൽ പൊന്നരിച്ച് ഉപജീവനം കഴിയുന്നവർ നൂറുകണക്കിനാളുകളാണ്. ആദിവാസി ജനവിഭാഗങ്ങളാണ് കൂടുതലും. പരിസ്ഥിതി ലോല പ്രദേശം പട്ടികയിൽ 11 വില്ലേജുകളിലൂടെ കടന്ന് പോകുന്ന ചാലിയാർ, പുന്നപ്പുഴ എന്നിവിടങ്ങളിലെല്ലാം പൊന്നരിച്ച് ഉപജീവനം കഴിയുന്നവരുണ്ട്‌. സ്വർണ നിക്ഷേപമുള്ള ദേവാല, മരുത മലനിരകളിൽ നിന്നൊഴുകുന്ന പുഴകളാണിത്. കാലവർഷത്തിൽ മലനിരകളിൽ നിന്നൊഴുകി വരുന്ന സ്വർണ തരികൾ പുഴമണലിൽ കലരും. മഴക്കാലം കഴിഞ്ഞ് പുഴകളിൽ ജലനിരപ്പ് കുറഞ്ഞാൽ പിന്നെ പൊന്നരിപ്പിൻ്റെ കാലമാണ്. മരം കൊണ്ടുള്ള മരവിയിൽ പുഴമണൽ അരിച്ചെടുത്താണ് പൊന്നരിക്കാറുള്ളത്. പുഴയോരത്തെ ഏതാണ്ടെല്ലാ വീടുകളിലും പൊന്നരിക്കാനുള്ള ഉപകരണമായ മരവി ഉണ്ടാകും. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വില്ലേജുകൾ ഉൾപ്പെട്ടതോടെ നദീ സംരക്ഷണം കർശനമാണ്. മണൽ ഖനനത്തിന് നിരോധനമാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത്. കർശന നിയന്ത്രണം വരുന്നതോടെ പുഴകളിൽ പൊന്നരിച്ച് ഉപജീവനം കഴിയുന്നവരും പ്രതിസന്ധിയിലാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home