സെവൻസിന് അങ്ങ് പോളണ്ടിലുമുണ്ട് പിടി

പോളണ്ടിലെ സ്റ്റേഡിയത്തിൽ താരങ്ങള്‍ പരിശീലനത്തിൽ
വിനോദ് തലപ്പള്ളി
Published on Aug 11, 2025, 12:24 AM | 1 min read
തിരൂർ
കാൽപ്പന്തുകാലമെന്നാൽ ഇവിടെ സെവൻസ് സീസണാണ്. നാട്ടിലെ മൈതാനങ്ങളെല്ലാം സ്റ്റേഡിയമാകുന്ന കാലം. ആ ആരവങ്ങൾ അങ്ങനെ കടലുകടക്കുകയാണ്. സൗത്ത് ഏഷ്യൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് പോളണ്ടിലെ മലയാളി ഫുട്ബോൾ ആരാധകർ. പോളണ്ടിലെ ഗ്ഡാൻസ്ക്കിലെ മലയാളി അസോസിയേഷന് കീഴിൽ രൂപീകരിച്ച ബാൾട്ടിക്ക് ടസ്ക്കേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദ്യ അന്താരാഷ്ട്ര സെവൻസ് ടൂർണമെന്റ് നടക്കുക. 16ന് ടൂർണമെന്റ് ആരംഭിക്കും. യൂറോപ്പിലെ വിവിധ ക്ലബ്ബുകളെ ഉൾപ്പെടുത്തിയാണ് മത്സരം. ജർമനിയിലെ കൊമ്പൻസ് എഫ്സി ബർലിൻ, ലാത്വിയയിലെ ഡക്‌ലാവാ ഫൈറ്റേഴ്സ് എഫ് എന്നീ ടീമുകൾക്കു പുറമേ പോളണ്ടിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 14 ടീമുകളും പങ്കെടുക്കും. 16 ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് മാറ്റുരയ്ക്കുന്നത്. മലയാളി താരങ്ങൾക്കുപുറമെ ഒരുവിദേശി കളിക്കാരനെയും ടീമിൽ ഉൾപ്പെടുത്തും. പോളണ്ടിലെ ഗ്ഡാൻസ്കിൽ ഫുട്ബോൾ ഏരിനായിലെ ഗ്രാസ്സ് സ്റ്റേഡിയത്തിലാണ് മത്സരം. പോളണ്ടിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന കോട്ടക്കൽ സ്വദേശി ഷിബിലി റഹ്മാൻ ഉള്ളാടശ്ശേരി, ചന്തു ശ്രീകല കൊട്ടാരക്കര, അബ്ദുൾ അസീസ് എടപ്പാൾ, വൈശാഖ് കിഴക്കേ വളപ്പിൽ (കണ്ണൂർ), അബ്ഹു ദായ് രാഗ് ആലുവ, പി എം സയ്യിദ് നിഹാദ് എടരിക്കോട്, നിഖിൽ സി പോൾ ബാംഗ്ലൂർ, ഷെറിൻ മാമ്പയിൽ കടലുണ്ടി, ഫാസിൽ മുഹമ്മദ് തെന്നല എന്നിവരാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.









0 comments