ഇഎസ്എ ഭീഷണിക്കെതിരെ നാട് പ്രഖ്യാപിച്ചു
ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല

മലയോര സംരക്ഷണ സമിതി എടക്കരയിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 07, 2026, 12:11 AM | 2 min read
എടക്കര
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോര ജനതയെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മലയോര സംരക്ഷണ സമിതി എടക്കരയിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി. ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് ഉദ്ഘാടനംചെയ്തു.
ഇഎസ്എ നടപ്പാക്കുന്നതോടെ മലയോര ജനതക്കിടയിൽ രണ്ടുതരം പൗരൻമാർ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇഎസ്എയിൽ ഉൾപ്പെടാത്തവർ എല്ലാ അവകാശങ്ങളുമായി ജീവിക്കുമ്പോൾ മറുഭാഗത്ത് ഒരുവിഭാഗം എല്ലാം നിഷേധിക്കപ്പെടുന്നവരായി മാറും. വനം അതിർത്തി പങ്കിടുന്ന പ്രദേശത്ത് കടുത്ത നിയന്ത്രണം വരും. ഇടുക്കി ജനത ഇതനുഭവിക്കുകയാണെന്നും ജോയ്സ് ജോർജ് പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ സമര പ്രഖ്യാപനങ്ങൾ വിശദീകരിച്ചു. മാത്യൂസ് വട്ടിയാനിക്കൽ കോർ എപിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി കെ ബാബു, ജനറൽ സെക്രട്ടറി ടി ടി നാസർ, ശംസുദീൻ ബുഖാരി (എസ്വൈഎസ്), എൽഡിഎഫ് നേതാക്കളായ ആലീസ് മാത്യൂ, പരുന്തൻ നൗഷാദ് (എൻസിപി), സ്കറിയ ക്നാംതോപ്പിൽ (കേരള കോൺഗ്രസ് എം), പറാട്ടി കുഞ്ഞാൻ (ഐഎൻഎൽ), ജോജി വർഗീസ്, സാബു പൊൻവേലിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി മുഹമ്മദ് റസാഖ്, ഏരിയാ സെക്രട്ടറിമാരായ ടി രവീന്ദ്രൻ (എടക്കര), കെ മോഹനൻ (നിലമ്പൂർ), എം ടി അഹമ്മദ് (വണ്ടൂർ), ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാക്ഷൻ, പി ഷെബീർ, ഏരിയാ കമ്മിറ്റി അംഗം എം ആർ ജയചന്ദ്രൻ, ഷെറോണ റോയി, എടക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി ശശിധരൻ എന്നിവർ സംസാരിച്ചു. 1001 അംഗ മലയോര സംരക്ഷണ സമിതിക്ക് രൂപം നൽകി. 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികൾ: ഫാ. മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്കോപ്പ (ചെയർമാൻ), വി എം ഷൗക്കത്ത് (ജനറൽ കൺവീനർ).
19ന് മലയോരഹർത്താൽ
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ 19ന് മലയോര ഹർത്താൽ നടത്തും. മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. 16, 17 തീയതികളിൽ മലയോര മേഖലയിൽ രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. 16ന് കരുവാരക്കുണ്ടിൽ ഇരു ജാഥകളുടെയും ഉദ്ഘാടനം നടക്കും. 17ന് രാവിലെ എടക്കര മേഖല ജാഥ മൂത്തേടം പാലാങ്കരയിൽനിന്ന് രാവിലെ ഒമ്പതിന് തുടങ്ങും. കാരപ്പുറം, മണിമൂളി, വഴിക്കടവ് ടൗൺ, ചക്കപ്പാടം, കുന്നുമ്മൽപ്പൊട്ടി, ശങ്കരംകുളം, തെയ്യത്തുംപാടം, മുണ്ടേരി, പോത്തുകല്ല്, പാതാർ, എരുമമുണ്ട, കൈപ്പിനി എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് ചുങ്കത്തറയിൽ സമാപിക്കും. നിലമ്പൂർ മേഖല ജാഥ അടക്കാക്കുണ്ടിൽനിന്ന് രാവിലെ ആരംഭിക്കും. കാളികാവ്, പുല്ലങ്കോട്, ചോക്കാട്, പൂക്കോട്ടുംപാടം, ചെട്ടിപ്പാടം, കവളമുക്കട്ട, കൂറ്റമ്പാറ, നമ്പൂരിപ്പൊട്ടി, അകമ്പാടം, വളവ് സ്വീകരണശേഷം വൈകിട്ട് കരുളായി അങ്ങാടിയിൽ സമാപിക്കും. എടക്കര മേഖലാ ജാഥ വി എം ഷൗക്കത്ത് (ക്യാപ്റ്റൻ), എ ടി റെജി (വൈസ് ക്യാപ്റ്റൻ), ടി രവീന്ദ്രൻ (മാനേജർ) എന്നിവർ നയിക്കും. നിലമ്പൂർ മേഖലാ ജാഥയ്ക്ക് ബി മുഹമ്മദ് റസാഖ് (ക്യാപ്റ്റൻ), എ അനന്തകൃഷ്ണൻ (വൈസ് ക്യാപ്റ്റൻ), കെ മോഹനൻ (മാനേജർ) എന്നിവരും നേതൃത്വം നൽകും. ഹർത്താലിന് മുന്നോടിയായി 18ന് മലയോര മേഖലയിൽ മൈക്ക് അനൗൺസ്മെന്റും ടൗണുകളിൽ പ്രകടനങ്ങളും സംഘടിപ്പിക്കും.









0 comments