എടക്കര ഇന്ദിരാഗാന്ധി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ്
ആറരക്കോടിയുടെ ‘കെടുകാര്യസ്ഥത’

വി കെ ഷാനവാസ്
Published on Nov 07, 2026, 12:00 AM | 2 min read
എടക്കര
എടക്കര പഞ്ചായത്ത് ആറരക്കോടി ചെലവിട്ട് നിർമിച്ച ഇന്ദിരാഗാന്ധി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനംചെയ്ത് ഏഴ് വർഷം കഴിഞ്ഞിട്ടും ആകെ തുറന്നത് ഏഴ് കടമുറികൾമാത്രം. 52 റൂമുകളും അടഞ്ഞുകിടക്കുകയാണ്. അടച്ചിട്ട മുറികൾ നോക്കാൻ സെക്യൂരിറ്റിക്ക് പ്രതിമാസം കാൽലക്ഷം രൂപ വേതനം നൽകണം. യുഡിഎഫ് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദുർഭരണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. 2019 ഡിസംബർ അഞ്ചിനാണ് വയനാട് എംപി രാഹുൽ_ഗാന്ധി യുഡിഎഫ് ഭരിക്കുന്ന എടക്കരയിൽ ഇന്ദിരാഗാന്ധി_ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചത്. 2018 ഫെബ്രുവരി ഏഴിനാണ് കടമുറികൾ പരസ്യമായി ലേലംചെയ്തത്. പഞ്ചായത്ത് ഭരണ സമിതിയുടെ കടുത്ത അനാസ്ഥ കാരണം കടമുറികൾ 95 ശതമാനവും ഇനിയും തുറന്നിട്ടില്ല. തൊട്ടടുത്ത കെട്ടിടങ്ങളിലെല്ലാം വൻ തുക വാടക നൽകി വലിയ വ്യാപാര സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ടൗണിന്റെ ഹൃദയ ഭാഗത്ത് അനാസ്ഥയുടെ മന്ദിരമായി ഇന്ദിരാഗാന്ധി_ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നത്.
നിർമാണം 5 കോടി ലോണെടുത്ത്
കേരള അർബൺ റൂറൽ ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 5,03,06,721 രൂപ വായ്പയെടുത്താണ് കോംപ്ലക്സ് നിർമിച്ചത്. പഞ്ചായത്ത് തുകയും കൂട്ടി 6,56,03,730 രൂപയാണ് ആകെ ചെലവായത്. തനത് ഫണ്ടിൽനിന്ന് മൂന്ന് മാസം കൂടുമ്പോൾ 27 ലക്ഷം രൂപയാണ് ബാങ്കിന് ലോൺ തുകയും പലിശയും ഉൾപ്പെടെ തിരിച്ചടച്ചിരുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ട് ലോണിലേക്ക് പോയതോടെ മറ്റ് പദ്ധതികൾക്ക് പണമില്ലാതായി. 65 സെന്റ് സ്ഥലവും കോംപ്ലക്സും ജാമ്യം നൽകിയാണ് ഭീമമായ തുക ലോൺ എടുത്തിരുന്നത്. വരുമാനം ഇല്ലാതായതോടെ മുൻ വർഷങ്ങളിൽ ലോൺ അടവ് മുടങ്ങി. പലിശയും പിഴപ്പലിശയും പെരുകി ടൗണിന്റെ ഹൃദയഭാഗത്തെ ഭൂമിയും കെട്ടിടവും ജപ്തി ഭീഷണിയിലെത്തിയിരുന്നു. ഇതോടെ ലോൺ അടച്ചുതീർക്കുകയായിരുന്നു.
ടൗണിന്റെ ഹൃദയ ഭാഗത്ത്
നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നത്. നാല് നിലകളിലായി 59 കടമുറികൾ, ഷോപ്പിങ് മാൾ, ഓഡിറ്റോറിയം, അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യമുള്ള കോംപ്ലക്സ് എന്നിവയുണ്ട്. 2018ൽ കടമുറികൾ ലേലംചെയ്തു. 37 പേർ പങ്കെടുത്തു. അന്നുതന്നെ ലക്ഷങ്ങൾ ഡെപ്പോസിറ്റ് തുകയായും ലഭിച്ചു. എന്നാൽ മുറികൾ ഉടമകൾക്ക് കൈമാറിയില്ല. ഭരണസമിതിയുടെ അനാസ്ഥ കാരണം നാല് വർഷംകൊണ്ട് നാല് കോടിയോളം രൂപയാണ് വരുമാന നഷ്ടമുണ്ടായത്.









0 comments