പൊന്നാനിക്ക് വെള്ളിത്തിളക്കം

പൊന്നാനി
കോമൺവെൽത്തിന് പിന്നാലെ പൊന്നാനിക്ക് വീണ്ടും വെള്ളിത്തിളക്കം. ജപ്പാനിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ പൊന്നാനി പുല്ലോണത്ത് അത്താണിയിലെ കളത്തിങ്കൽ വീട്ടിൽ മുഹമ്മദ് ബാസിൽ വെള്ളി മെഡൽ നേടി. 10.72 സെക്കൻഡിലാണ് ലക്ഷ്യം കണ്ടത്. മൂന്ന് സെക്കൻഡ് വിത്യാസത്തിലാണ് സ്വർണ മെഡൽ നഷ്ടമായത്. കഴിഞ്ഞ ജൂലൈയിൽ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിൽ പുരുഷ വിഭാഗത്തിൽ 100 മീറ്റർ ഫൈനലിൽ വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് മത്സരത്തിലും മെഡലൽ നേട്ടത്തോടെ മുഹമ്മദ് ബാസിൽ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചപ്പോൾ പൊന്നാനിയുടെ പെരുമ പാറിപ്പറന്നു. ആധുനികമായ സിന്തറ്റിക് ട്രാക്കുകളിലൊന്നുമില്ലാത്ത പൊന്നാനിയുടെ മണ്ണ് മൈതാനങ്ങളിലൂടെ ഓടി പരിശീലിച്ചാണ് ബാസിൽ ചരിത്രനേട്ടത്തിലേക്ക് കുതിച്ചത്. വലതു കൈമുട്ടിന്റെ താഴ്ഭാഗം ജൻമനാ നഷ്ടപ്പെട്ടെങ്കിലും പരിമിതികളിൽ ഒതുങ്ങിക്കൂടാൻ ബാസിൽ തയ്യാറായില്ല. അന്താരാഷ്‌ട്ര മത്സരത്തിൽ വെള്ളി മെഡൽ നേടിയപ്പോൾ ബാസിലിന്റെയും കുടുംബത്തിന്റെയും സന്തോഷത്തേക്കാൾ ഉയരത്തിലായിരുന്നു ഓട്ടത്തിലേക്ക് വഴിതെളിച്ച പരിശീലകനായ മുഹമ്മദ് അനസിന്റെ സന്തോഷം. ഫുട്ബോളിൽനിന്ന് ഓട്ടത്തിലേക്ക് കുട്ടിക്കാലത്ത് ബാസിലിന് ഇഷ്ടം ഫുട്ബോളിനോടായിരുന്നു. ഏഴാംക്ലാസിൽ പഠനകാലത്ത് ഫുട്ബോൾ കളിക്കിടെ ബാസിലിന്റെ ഓട്ടം കണ്ട വെളിയങ്കോട് ഉമരി സ്കൂളിലെ പരിശീലകനായ മുഹമ്മദ് അനസാണ് ബാസിലിനെ ഓട്ടത്തിലേക്ക് കൈപിടിച്ചത്. അവിടെനിന്ന് ഓടിത്തുടങ്ങിയ ബാസിൽ ഇന്ന് രാജ്യത്തിന്റെ അഭിമാനതാരമായി. പിതാവ് സിറാജുദ്ധീന്റെ ഫോണിലേക്കാണ് അഭിനന്ദനങ്ങൾ ഏറെയും.









0 comments