Deshabhimani

നിറയെ അക്ഷരപ്പൂക്കൾ

Deshabhimani Aksharamuttam Talent Fest
വെബ് ഡെസ്ക്

Published on Oct 11, 2026, 01:10 AM | 1 min read

മലപ്പുറം

ചോദ്യങ്ങൾക്കായുള്ള ആകാംക്ഷ, ഉത്തരമെഴുതാനുള്ള തിടുക്കം, ചിലത്‌ ഓർത്തെടുക്കാനുള്ള ശ്രമം, ഒടുവിൽ തെളിയുന്ന വിജയപുഞ്ചിരി... അറിഞ്ഞും പറഞ്ഞും പങ്കുവച്ചും കുരുന്നുകളുടെ അക്ഷരമുറ്റം വീണ്ടുമൊരു കുടുംബമായി. ‘ചോദ്യമുണ്ടോ ഉത്തരം റെഡി’ എന്ന മനസ്സുമായാണ്‌ ഓരോ വിദ്യാർഥിയും ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15–ാം സീസൺ ഉപജില്ലാ മത്സരത്തിൽ ഏറ്റുമുട്ടിയത്‌. സാമൂഹിക രാഷ്‌ട്രീയ സംഭവ വികാസങ്ങളും കായിക ശാസ്‌ത്ര സാങ്കേതിക വിദ്യകളും സിനിമയും ചരിത്രവും ഭാഷയും ചോദ്യങ്ങളായി. ചെറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കിയാണ്‌ മത്സരം മുന്നേറിയത്‌. ക്രിക്കറ്റ്‌, ഒളിമ്പിക്സ്‌, ദേശീയ–-സംസ്ഥാന ചലച്ചിത്ര അവാർഡ്‌, ഇന്ത്യൻ രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളും മത്സരത്തിന്‌ മാറ്റേകി. എൽപി വിഭാഗം മത്സരം പങ്കാളിത്തംകൊണ്ട്‌ ഏറെ ശ്രദ്ധേയമായി. ജില്ലയിലെ 17 ഉപജില്ലകളിലായി എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായിരുന്നു മത്സരം. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. മത്സരകേന്ദ്രങ്ങളിൽ രക്ഷിതാക്കൾക്ക്‌ ക്വിസ്‌ മത്സരവും നടത്തി. ജില്ലാ മത്സരം 25ന്‌ മഞ്ചേരി ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌. മലപ്പുറം ഉപജില്ലാ മത്സരം സംവിധായകൻ ഉണ്ണികൃഷ്‌ണൻ ആവള, മഞ്ചേരിയിൽ ബാലസാഹിത്യകാരൻ ദിജി ചാലപ്പുറം, അരീക്കോട്‌ സാഹിത്യകാരൻ പി ടി മണികണ്ഠൻ, മേലാറ്റൂരിൽ സംവിധായകൻ മേലാറ്റൂർ രവിവർമ, വേങ്ങരയിൽ നാടൻപാട്ട്‌ കലാകാരൻ ജിതിൻ കലാഭവൻ, കൊണ്ടോട്ടിയിൽ നഗരസഭാ ചെയർമാൻ യു കെ മമ്മദിശ, കിഴിശേരിയിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുൻ സംസ്ഥാന സെക്രട്ടറി സി പി സുരേഷ്‌ബാബു, പൊന്നാനിയിൽ എഴുത്തുകാരി ഡോ. ഇ എം സുരജ, പരപ്പനങ്ങാടിയിൽ പ്രധാനാധ്യാപകൻ ജലീൽ പരപ്പനങ്ങാടി, കുറ്റിപ്പുറത്ത്‌ നാടകപ്രവർത്തകൻ വി പി അനീഷ്‌, തിരൂരിൽ നാടൻപാട്ട്‌ കലാകാരി പി ഷീബ, താനൂരിൽ മലപ്പുറം ഡയറ്റ്‌ സീനിയർ ലക്‌ചറർ നിഷാ പന്താവൂർ, പെരിന്തല്‍മണ്ണയിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്‌ കോട്ടക്കൽ മുരളി, എടപ്പാളിൽ കവി ഡോ. ഹരിയാനന്ദൻ, മങ്കടയിൽ യുവ സാഹിത്യകാരൻ സി പി ബൈജു, നിലമ്പൂരിൽ നാടൻപാട്ട്‌ കലാകാരൻ എം കൃഷ്ണൻകുട്ടി എന്നിവർ ഉദ്‌ഘാടനംചെയ്‌തു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home