യൂണിയൻ തെരഞ്ഞെടുപ്പ് ദിവസം ആസൂത്രിത ആക്രമണം
കലിക്കറ്റ് ക്യാമ്പസിൽ യുഡിഎസ്‌എഫിന്റെ ചോരക്കളി

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷൻ അംഗം ടി പി അസ്‌ദാഫ് എസ്‌എഫ്‌ഐ പ്രവർത്തകരെ കല്ലെറിയുന്നു (വീഡിയോ ദൃശ്യം)
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്‌എഫ് ആക്രമണം. എസ്‌എഫ്‌ഐ നേതാക്കളടക്കം നിരവധി വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റു. ഗവേഷക വിദ്യാർഥികളുടെ സംഘടനയായ എകെആർഎസ്‌എ സംസ്ഥാന ജോ. കൺവീനർ എം പി മുനവർ അലിയുടെ തലയ്‌ക്ക് ഇരുമ്പുചുറ്റികകൊണ്ട് അടിയേറ്റു. സിഎച്ച് ലൈബ്രറിയുടെ സമീപത്തുവച്ചാണ് മുനവർ അലിയെ സംഘംചേർന്ന് ആക്രമിച്ചത്. പുറത്തുനിന്നെത്തിയ ലീഗ്– യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷൻ അംഗം ടി പി അസ്‌ദാഫ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. കല്ലെറിഞ്ഞും മാരകായുധങ്ങൾ ഉപയോഗിച്ചും വിദ്യാർഥികളെ പരിക്കേൽപ്പിച്ചു. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിനിടെ ക്യാമ്പസിൽ സംഘർഷം സൃഷ്‌ടിച്ച കേസിലെ പ്രതിയാണ് ടി പി അസ്‌ദാഫ്. ക്യാമ്പസിൽ പൊലീസുണ്ടായിരുന്നെങ്കിലും അക്രമം തടയാൻ തയ്യാറായില്ല. പോളിങ്ങിനുശേഷം വൈകിട്ട് വോട്ടെണ്ണെൽ നടക്കുന്നതിനിടെയാണ് യുഡിഎസ്‌എഫ് പ്രവർത്തകർ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയത്. സിഎച്ച് ലൈബ്രറിയിൽ കയറിയും വിദ്യാർഥികളെ ആക്രമിച്ചു. പെൺകുട്ടികളെയും ക്രൂരമായി മർദിച്ചു. ലൈബ്രറിയുടെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ക്യാമ്പസിൽ വിദ്യാർഥികൾ സ്ഥാപിച്ച ജന്തർമന്തർ സ്‌മാരകം തകർത്തു. സ്റ്റുഡന്റ്‌സ് ട്രാപ്പിൽ സ്ഥാപിച്ച എസ്‌എഫ്‌ഐ കൊടിമരം മെറ്റൽ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. ക്യാമ്പസിൽ പാർക്ക് ചെയ്‌ത കാറുകളും ബൈക്കുകളും തകർത്തു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം ആക്രമിസംഘം തടഞ്ഞു. ഏറെസമയത്തെ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെത്തിക്കാനായത്. സര്‍വകലാശാലാ യൂണിയന്‍ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് രീതിതന്നെ യുഡിഎസ്‌എഫ് അട്ടിമറിച്ചിരുന്നു. യുഡിഎസ്എഫിന്റെ ദീര്‍ഘകാലമായുള്ള ആവശ്യപ്രകാരമാണ് ഡിഎസ്‍യു തെരഞ്ഞെടുപ്പില്‍നിന്ന് ഗവേഷക വിദ്യാര്‍ഥികളെ ഒഴിവാക്കി സർവകലാശാല ഉത്തരവിറക്കിയത്. ഇതിന് കോടതിയിൽനിന്ന് തിരിച്ചടി കിട്ടിയെങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം യുഡിഎസ്‌എഫ് തുടർന്നു. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്വല വിജയം നേടിയിരുന്നു. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എസ്എഫ്ഐ സ്ഥാനാർഥികളുടെ വിജയം. 2025 ഒക്ടോബർ 10ന് നടന്ന തെരഞ്ഞെടുപ്പ് അക്രമത്തിലൂടെ യുഡിഎസ്എഫുകാർ അട്ടിമറിച്ചു. ഇതോടെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്.









0 comments