യുഡിഎഫിന്റെ വർഗീയ സഖ്യത്തിനേറ്റ തിരിച്ചടി: സിപിഐ എം

മലപ്പുറം
യുഡിഎഫിന്റെ വർഗീയ സഖ്യത്തിനേറ്റ തിരിച്ചടിയാണ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മങ്കടയിൽ ലീഗ് വെൽഫെയർ പാർടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് വിജയം. ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിലെ നിലവിലുള്ള രണ്ട് പഞ്ചായത്ത് വാര്‍ഡുകളും എൽഡിഎഫ് നിലനിർത്തി. ബിജെപിയുടെ വോട്ടും പലയിടത്തും യുഡിഎഫിലേക്കുപോയി. പരസ്യമായ കൂട്ടുകെട്ടാണ് യുഡിഎഫ് വർഗീയ ശക്തികളുമായി ഉണ്ടാക്കിയത്. മുസ്ലിംലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മങ്കട പഞ്ചായത്ത് കടന്നമണ്ണ വാര്‍ഡിൽ എല്‍ഡിഎഫ് വിജയിച്ചത് 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടി സ്ഥാനാർഥിക്ക് 373 വോട്ട് ലഭിച്ചിരുന്നു. ലീഗിന് 351 വോട്ടും. ഇത്തവണ ഇവർ ഒന്നിച്ചുനിന്നിട്ടും 585 വോട്ടേ നേടാനായുള്ളൂ. വർഗീയ സഖ്യത്തെ ജനങ്ങൾ തള്ളിക്കളയുമെന്നതിന്റെ പ്രഖ്യാപനമാണിത്. കാലടി വെറൂരിൽ എൽഡിഎഫ് ഭൂരിപക്ഷം വർധിച്ചു. കഴിഞ്ഞ തവണ 143 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിടത്ത് ഇത്തവണ ഭൂരിപക്ഷം 341 ആയി ഉയർന്നു. യുഡിഎഫ് ജയിച്ച താനാളൂർ മൂലക്കൽ വാർഡിൽ ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞിട്ടുണ്ട്. വേങ്ങരയിൽ ഇത്തവണ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. ഇത് യുഡിഎഫ് ബിജെപി ഡീലാണ് വെളിവാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയംവച്ച് എൽഡിഎഫ് തകർന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടികൂടിയാണ് മലപ്പുറം ജില്ലയിലെയും സംസ്ഥാനത്തെയും ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം. എൽഡിഎഫിന് വോട്ടുചെയ്‌ത വോട്ടർമാരെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്‌തു.









0 comments