വർഗീയതയുടെ വലയിൽ ജനങ്ങൾ വീഴാതിരിക്കാൻ ജാഗ്രത പാലിക്കും

പൊന്നാനി
ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതയുടെ സ്വാധീന വലയത്തിൽ സാധാരണ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളുടെ സമീപനം പരസ്പരം വളരാനുള്ളതാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രവർത്തനം പാർടി ഏറ്റെടുക്കും. ഇരു വർഗീയതയുടെയും വളർച്ച തടയാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ വി പി അനിൽ പറഞ്ഞു. മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് പാർടി മുന്നോട്ടുപോവുക. ഏത് ഘട്ടത്തിലും മതനിരപേക്ഷതയും മതസൗഹാർദവും ഉയർത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. ഇത് കൂടുതൽ ശക്തമാക്കാനുള്ള ഇടപടലുകൾ നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർടിക്കും സർക്കാരിനുമെതിരായി വ്യാജ പ്രചാരണങ്ങൾ വ്യാപകമായി നടന്നു. പാർടിയിൽ വിശ്വസിച്ച ന്യൂനപക്ഷ വിഭാഗങ്ങളിലടക്കം ഇത് തെറ്റിദ്ധാരണയുണ്ടാക്കി. മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുമായി ചേർന്ന് നടത്തിയ പ്രചാരണങ്ങൾ തെറ്റാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. സംഘപരിവാർ അജൻഡ നടപ്പാക്കുന്ന നിലയിലേക്ക് യുഡിഎഫ് സർക്കാർ മാറിയെന്നത് ജനങ്ങൾക്ക് ചെറിയ ദിവസങ്ങൾക്കുള്ളിൽതന്നെ ബോധ്യമായി. ഇത് കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കും. പാർടിയുടെയും വർഗ ബഹുജന സംഘടനകളുടെയും ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നേറാൻ വിവിധ പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കും. വിവിധ ജനവിഭാഗങ്ങളിലേക്ക് കൂടുതൽ ചേർന്നുനിന്നും അവരിലേക്ക് ഇറങ്ങിയും പ്രവർത്തിക്കാനുള്ള പദ്ധതികൾ തീരുമാനിച്ചതായും വി പി അനിൽ പറഞ്ഞു.









0 comments