Deshabhimani

മലയോര ഹൈവേ

വനഭൂമി കുരുക്കിൽ

Construction of the Hill Highway

മലയോര ഹൈവേ നിർമാണം നിലച്ച മൈലാടിപാലം–മൂലേപ്പാടംപാലം റീച്ചിലെ റോഡ്‌

avatar
എം സനോജ്

Published on Oct 12, 2026, 01:35 AM | 1 min read

നിലമ്പൂർ

വനഭൂമി വിട്ടുകിട്ടാനുള്ള നിയമ നടപടി പൂർത്തിയാകാത്തതിനാൽ മലയോര ഹൈവേ നിർമാണം ഇഴയുന്നു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട് റീച്ചുകളാണ് പ്രതിസന്ധിയിലായത്‌. സംസ്ഥാന പാത 59ൽ 126 കോടി രൂപ ചെലവിൽ നിർമിക്കുന്ന 24.8 കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയാണ് വൈകുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 3.088 ഹെക്ടർ വനഭൂമി ആവശ്യമായിരിക്കെ, അനുമതിയും ഭൂമി കൈമാറ്റവും സംബന്ധിച്ച നടപടികൾ പൂർത്തിയായിട്ടില്ല. നിർമാണത്തിലെ മെല്ലെപ്പോക്കും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസവും കൂടിയാകുമ്പോൾ ആദിവാസികളടക്കമുള്ള മലയോര ജനതയുടെ യാത്രാദുരിതം വർധിക്കുകയാണ്. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടംപാലംമുതൽ കോഴിക്കോട് അതിർത്തിയായ നായാടംപൊയിൽവരെ 15 കിലോമീറ്റർ റോഡ് നിർമാണത്തിന് 80 കോടി രൂപയും മൈലാടിപാലംമുതൽ മൂലേപ്പാടംപാലംവരെ 9.8 കിലോമീറ്റർ റോഡിന് 46 കോടി രൂപയുമാണ് അനുവദിച്ചത്. രണ്ട് റീച്ചുകളിലും പ്രവൃത്തി സമയബന്ധിതമായി മുന്നോട്ടുപോകുന്നില്ല. പലയിടങ്ങളിലും കാൽനടയാത്രപോലും ദുഷ്കരമാണ്. മൈലാടിപാലം–മൂലേപ്പാടംപാലം റീച്ച് ആറുമാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു കരാറുകാരുടെ ഉറപ്പ്. എന്നാൽ മൈലാടിയിൽ ഓട നിർമാണംപോലും ഇതുവരെ പൂർത്തിയായിട്ടില്ല. മൂലേപ്പാടത്തും ഏതാനും ഭാഗങ്ങളിൽമാത്രമാണ് പ്രവൃത്തി പുരോഗമിക്കുന്നത്. നിർമാണത്തിന് തടസ്സമാകുന്ന അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്ന നടപടികളും പൂർത്തിയായിട്ടില്ല. 18 മാസമാണ് നിർമാണത്തിന്റെ കാലാവധി. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.

​

3.088 ഹെക്ടർ 
വനഭൂമി വേണം

വനമേഖലയിലൂടെ കടന്നുപോകുന്ന പാതയുടെ നിർമാണത്തിന് 3.088 ഹെക്ടർ വനഭൂമി ആവശ്യമാണ്. വനഭൂമി വിട്ടുകിട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്. പകരമായി വനംവകുപ്പിന് റവന്യൂ വകുപ്പിന്റെ ഭൂമി കൈമാറാനാണ് തീരുമാനം. എന്നാൽ അപേക്ഷയുടെ നിലവിലെ സ്ഥിതിയും അനുമതി ലഭിക്കുന്നതിന് ഇനി പൂർത്തിയാക്കേണ്ട നടപടികളും വ്യക്തമാകേണ്ടതുണ്ട്. വനഭൂമി ലഭ്യമാകുന്നതിലെ കാലതാമസം നിർമാണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.


​കക്കാടംപൊയിലിലേക്കുള്ള പ്രധാന പാത ​

ജില്ലയിൽനിന്ന് വിനോദസഞ്ചാരകേന്ദ്രമായ കക്കാടംപൊയിലിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളാണ് ഈ രണ്ട് റീച്ചുകളും. നിർമാണം വൈകുന്നത് പ്രദേശത്തിന്റെ ഗതാഗതത്തെയും വിനോദസഞ്ചാര മേഖലയെയും ബാധിക്കും. പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന മേഖലയിൽ പ്രവൃത്തി മന്ദഗതിയിലായിട്ടും നിർമാണം വേഗത്തിലാക്കാൻ ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home