Deshabhimani

ആധിയാണ്‌ അമ്പൂരിയിൽ

അമ്പൂരി ബരേഹയിൽ വീട്ടിൽ ജോയി

അമ്പൂരി ബരേഹയിൽ വീട്ടിൽ ജോയി

avatar
അഖിലേഷ് ആനാവൂർ

Published on Oct 12, 2026, 02:43 AM | 1 min read

വെളളറട ​

"ഈ മണ്ണിലാണ്‌ ജനിച്ചുവളർന്നത്‌, കാട്‌ വെട്ടിത്തെളിച്ച് വിയർപ്പൊഴുക്കി കൃഷിയിറക്കി. പ്രകൃതിയെ ഹൃദയത്തോട് ചേർത്തുപിടിച്ചിട്ടേയുള്ളൂ ഇക്കാലമത്രയും. പെട്ടെന്നൊരു ദിവസം പരിസ്ഥിതിലോല മേഖലയെന്നുപറഞ്ഞ്‌ ഇറക്കിവിടാൻ ശ്രമിച്ചാൽ ഞങ്ങൾ എങ്ങോട്ടുപോകും’– കർഷകനായ അമ്പൂരി ബരേഹയിൽ വീട്ടിൽ അറുപത്തൊന്നുകാരനായ ജോയിയുടെ ചോദ്യത്തിലുണ്ട്‌ മലയോര ഗ്രാമത്തിന്റെയാകെ വേദന. പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്‌എ) കരട് വിജ്ഞാപനം വന്നതോടെ ജില്ലയുടെ അതിർത്തി മലയോരഗ്രാമമായ അമ്പൂരിയിലെ ജനങ്ങളുടെ ഉറക്കം നഷ്ടമായി. തലമുറകളായി ഇവിടെ ജീവിക്കുന്ന കർഷകരും ആദിവാസി വിഭാഗങ്ങളും തങ്ങളുടെ സ്വന്തം മണ്ണിൽ പുറത്താകുമോയെന്ന ഭീതിയിലാണ്. അടുത്തിടെ പുതിയ നിർമാണപ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ട പ്രദേശവാസികളും കടുത്ത അനിശ്ചിതത്വത്തിലാണ്‌. വീടിന്‌ തറക്കല്ലിട്ടവരും വാർപ്പ് കഴിഞ്ഞവരും തുടർന്ന് എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്‌. ജീവിതകാലം മുഴുവൻ പട്ടിണികിടന്നും വിയർപ്പൊഴുക്കിയും സമ്പാദിച്ച തുകയാണ് ഇവർ ഇതിനായി മുടക്കിയത്. ബാങ്ക് വായ്പകളെയടക്കം ആശ്രയിച്ചാണ് ഭൂരിഭാഗം പേരും നിർമാണങ്ങൾ ആരംഭിച്ചത്. നിർമാണം തടസ്സപ്പെട്ടാലും ബാങ്ക് തിരിച്ചടവും പലിശയും നൽകേണ്ടിവരുമെന്നതും ആശങ്ക വർധിപ്പിക്കുന്നു. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അമ്പൂരിയും കാപ്പുകാടും പ്രദേശത്തെ മലനിരകളും സമീപകാലത്തായി വലിയ ടൂറിസം സാധ്യതകളാണ് തുറന്നുനൽകിയത്. നാട്ടുതനിമ നിലനിർത്തി പ്രദേശവാസികൾ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതികൾ, ഹോംസ്റ്റേകൾ, ചെറിയ റിസോർട്ടുകൾ എന്നിവയ്ക്കുമേലും ഇഎസ്എ നിയന്ത്രണങ്ങൾ കരിനിഴൽ വീഴ്ത്തുന്നു. വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ ഇത്തരം സംരംഭങ്ങൾ വഴിമുട്ടിയാൽ അതിനെമാത്രം ആശ്രയിച്ചു കഴിയുന്ന ഡ്രൈവർമാർ, വഴിയോരക്കച്ചവടക്കാർ, പരമ്പരാഗത തൊഴിലാളികൾ എന്നിവരുടെ കുടുംബങ്ങളും പെരുവഴിയിലാകും. ഉപഗ്രഹ സർവേകൾമാത്രം മാനദണ്ഡമാക്കാതെ, ജനവാസ മേഖലകളെയും കൃഷിഭൂമികളെയും പൂർണമായും ഒഴിവാക്കി ഡ്രോൺ ഗ്രൗണ്ട് സർവേ നടത്തണമെന്ന ആവശ്യമാണ്‌ പ്രദേശവാസികൾ ഉയർത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home