കെ ഫോണ്‍ സൗജന്യ കണക്ഷൻ
അതും നിര്‍ത്തുമോ

പി അഭിഷേക്
Published on Jul 20, 2026, 12:00 AM | 1 min read
മലപ്പുറം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് "കെ ഫോണ്‍' പദ്ധതിവഴി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണംചെയ്ത അതിവേഗ ഇന്റര്‍നെറ്റ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന് ആശങ്ക. ഇതുവരെ സൗജന്യ സേവനം ലഭിച്ച സര്‍ക്കാര്‍ സ്കൂളുകള്‍ ബില്ല് അടയ്ക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമാണ് ആശങ്കക്ക് കാരണം. അതിവേഗ ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ എത്തിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച അഭിമാന പദ്ധതിയായിരുന്നു "കെ ഫോണ്‍'. തുടക്കംമുതല്‍ ഇതിനെതിരെ നിലപാടെടുത്ത യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഘട്ടം ഘട്ടമായി പദ്ധതി ഇല്ലാതാക്കുകയാണെന്നാണ് വിമര്‍ശം. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ "കെ ഫോണ്‍' കണക്ഷനുള്ളത് ജില്ലയിലാണ്. ജൂലൈ 15വരെയുള്ള കണക്കെടുത്താല്‍ ആകെയുള്ള 1,86,157 കണക്ഷനുകളില്‍ 36,946 എണ്ണവും മലപ്പുറത്തായിരുന്നു. ഗാര്‍ഹിക കണക്ഷനിലും ജില്ലയാണ് മുന്നില്‍ –33,235. ഇതില്‍ 3560 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചിരുന്നത്. ജില്ലയില്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 980 സര്‍ക്കാര്‍ ഓഫീസുകളിലും കണക്ഷനുണ്ട്. സംസ്ഥാനത്താകെ 1,52,592 വീടുകളില്‍ "കെ ഫോണ്‍' ഇന്റര്‍നെറ്റ് എത്തുന്നുണ്ട്. ഇതില്‍ 14,198 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന് ബില്ല് നല്‍കുമായിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധപൂര്‍വം ഈടാക്കിയിരുന്നില്ല. അതുകൊണ്ട് സ്കൂളുകള്‍ക്കെല്ലാം സൗജന്യമായി സേവനം ലഭിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയതോടെ സ്ഥിതിമാറി. ഒരു ഓഫീസിലും കെ ഫോണ്‍ കണക്ഷന്‍ സൗജന്യമല്ലെന്നും കണക്ഷന്‍ പുതുക്കണമെങ്കില്‍ സ്കൂളുകള്‍ ബില്ല് അടയ്ക്കണമെന്നുമാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍മുഖേനെ നല്‍കിയ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കേണ്ട ചുമതലയില്‍നിന്നുള്ള പിന്‍മാറലാണിതെന്ന ആക്ഷേപവും ശക്തമാണ്.










0 comments