Deshabhimani

ഹിറ്റായി തേങ്ങാവെട്ട് സംരംഭം

"തെങ്ങുകയറാന്‍ ഞങ്ങളുണ്ട്'

s
avatar
പി അഭിഷേക്

Published on Nov 07, 2026, 12:06 AM | 1 min read

മലപ്പുറം

"മിതമായ നിരക്കില്‍ തേങ്ങയിട്ടുകൊടുക്കുന്നു...' കാലത്ത് പത്രത്തിനൊപ്പം വന്ന നോട്ടീസിലെ പരസ്യവാചകത്തില്‍ നിങ്ങളുടെയും കണ്ണുടക്കിയിട്ടുണ്ടാവും. മൂത്ത് പാകമായി താഴെവീഴുന്ന തേങ്ങ നോക്കി എടുക്കുകയല്ലാതെ വേറെ വഴിയില്ലാതിരുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ഒരു ഫോണ്‍കോളില്‍ തോട്ടത്തിലേക്ക് ആവശ്യമായ തൊഴിലാളികളെത്തും. തേങ്ങാവെട്ട് തൊഴിലാളികളെ വിതരണംചെയ്യുന്ന സംരംഭങ്ങളാണ് നാട്ടിലിപ്പോള്‍ വ്യാപിക്കുന്നത്.

മുണ്ട് മടക്കിക്കുത്തി, തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റി, കാലില്‍ തളപ്പുകെട്ടി തെങ്ങിലേക്ക് വലിഞ്ഞുകയറുന്ന പഴയരീതിയല്ല. മെഷീന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. പ്രതിദിനം 100 തെങ്ങുവരെ കയറുന്ന തൊഴിലാളികളുണ്ട്. ശരാശരി 35 രൂപയാണ് ഒരു തെങ്ങിന് കൂലി. ഇതരസംസ്ഥാനത്തുനിന്നെത്തിയ യുവാക്കളാണ് കൂടുതലും. തെങ്ങിന് മരുന്ന് തളിക്കുന്ന തൊഴിലാളികളെയും ലഭിക്കും.

ഇത്തരം നിരവധി സംരംഭങ്ങള്‍ ജില്ലയിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് ആദ്യം പരിശീലനം നല്‍കും. തെങ്ങുകയറാനുള്ള മെഷീനും വാക്കത്തിയും കമ്പനിവകയാണ്. വലിയ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ആവശ്യമെങ്കില്‍ വീടുകളിലുമെത്തും. പാലക്കാട് തൃത്താല കേന്ദ്രീകരിച്ച് സുഹൃത്തുക്കളായ യുവാക്കള്‍ കോവിഡ് സമയത്ത് ആരംഭിച്ച തേങ്ങാവെട്ട് സംരംഭത്തിന് മലപ്പുറത്തുള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്ന് എട്ട് ബ്രാഞ്ചുണ്ട്. ഓരോ കേന്ദ്രത്തിലും ഓഫീസ് സൗകര്യവുമുണ്ട്. തെങ്ങുകയറാനായി തമിഴ്‌നാട്ടിലെ തോട്ടങ്ങളിലടക്കം ഇവര്‍ ചെല്ലാറുണ്ട്. വരുമാന സാധ്യത തിരിച്ചറിഞ്ഞ് തൊഴിലാളികളായെത്തിയവരും ഇത്തരം സംരംഭത്തിലേക്ക് മാറുന്നുണ്ട്. ചിലയിടങ്ങളില്‍ ഇരുന്നൂറിലധികം തൊഴിലാളികളുണ്ട്. സീസണ്‍ സമയത്ത് എല്ലാദിവസവും പണിയുണ്ടാകും. സീസണല്ലെങ്കില്‍ പരസ്യം നല്‍കി ആവശ്യക്കാരിലെത്തും. ഒരുതവണ വിളിച്ച ഉടമ അടുത്തതവണയും വിളിക്കുമെന്നതാണ് പ്രത്യേകത. ആയിരക്കണക്കിന് തെങ്ങുകളുള്ള ഉടമകള്‍ക്കാണ് ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ ഉപകാരപ്രദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home