Deshabhimani

ഉയരെ എസ്എഫ്ഐ

Calicut University College Union

മൂത്തേടം ഫാത്തിമ കോളേജ് വിജയത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Oct 16, 2026, 12:58 AM | 2 min read

മലപ്പുറം

കലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐ മുന്നേറ്റം. എംഎസ്എഫ് കുത്തകയാക്കിയിരുന്ന കോളേജുകളിലടക്കം മിന്നുംജയം സ്വന്തമാക്കി. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 30 കോളേജുകളിൽ എസ്എഫ്ഐക്ക് യൂണിയൻ ലഭിച്ചു. 16 കോളേജുകള്‍ എംഎസ്എഫ്, കെഎസ്‌യു സഖ്യത്തില്‍നിന്ന് പിടിച്ചെടുത്തു. 14 കോളേജുകളിലെ യൂണിയന്‍ നിലനിര്‍ത്തി. ജില്ലയിലെ ഒമ്പത് സര്‍ക്കാര്‍ കോളേജുകളില്‍ അഞ്ചിടത്തും എസ്എഫ്ഐ വിജയിച്ചു. നിലമ്പൂർ ഗവ. കോളേജ്, താനൂര്‍ ഗവ. കോളേജ്, തിരൂര്‍ ഗവ. ടിഎംജി കോളേജ്, മങ്കട ഗവ. കോളേജ്, പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജ് എന്നിവിടങ്ങളിലാണിത്. പെരിന്തല്‍മണ്ണയില്‍ മൂന്നുവര്‍ഷത്തിനുശേഷമാണ് എസ്എഫ്ഐ വിജയം. നിലമ്പൂരും താനൂരും തിരിച്ചുപിടിച്ചതാണ്. മലപ്പുറം ഗവ. കോളേജ്, മലപ്പുറം ഗവ. വനിതാ കോളേജ്, കൊണ്ടോട്ടി ഗവ. കോളേജ്, തവനൂർ ഗവ. കോളേജ് എന്നിവിടങ്ങളില്‍മാത്രമാണ് യുഡിഎസ്എഫ് ജയം.


​ എംഇഎസുകളിലും മുന്നേറ്റം

ജില്ലയിലെ എംഇഎസ് കോളേജുകളിലും എസ്എഫ്ഐ തരംഗം. പൊന്നാനി എംഇഎസ് കോളേജ് യൂണിയന്‍ യുഡിഎസ്എഫില്‍നിന്ന് തിരിച്ചുപിടിച്ചു. യു‍ഡിഎസ്എഫ് മാത്രം ഭരിച്ചിരുന്ന കുറ്റിപ്പുറം എംഇഎസ് കോളേജില്‍ ചരിത്രത്തിലാദ്യമായി എസ്എഫ്ഐ വിജയിച്ചു. വളാഞ്ചേരി എംഇഎസ് കെവിഎം കോളേജ് രണ്ടുവര്‍ഷത്തിനുശേഷം എംഎസ്എഫില്‍നിന്ന് തിരിച്ചുപിടിച്ചു. ഇവിടെ മുഴുവന്‍ ജനറല്‍ സീറ്റും വിജയിച്ചു. കുറ്റിപ്പുറം എംഇഎസ് എംബിഎ കോളേജ് പിടിച്ചെടുത്തപ്പോള്‍ മാലാപ്പറമ്പ് എംഇഎസ് നിലനിര്‍ത്തി. ​


കോട്ട തകര്‍ന്നു

എംഎസ്എഫ് കുത്തകയാക്കിയ പല കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. മൂത്തേടം ഫാത്തിമ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ചു. ആകെയുള്ള 54 സീറ്റില്‍ 39 എണ്ണം എസ്എഫ്ഐ നേടി. കാലങ്ങളായി എംഎസ്എഫ് ഭരിച്ചിരുന്ന കീഴാറ്റൂര്‍ അല്‍ഷിഫ കോളേജിലും ചരിത്രവിജയം നേടി. 45ല്‍ 44 സീറ്റും എസ്എഫ്ഐ സ്വന്തമാക്കി. വളാഞ്ചേരി പുത്തനത്താണി സിപിഎ കോളേജില്‍ അഞ്ചുവര്‍ഷത്തെ യുഡിഎസ്എഫ് ഭരണം തകര്‍ത്തെറിഞ്ഞു. വളാഞ്ചേരി ലൂമിനസ് കോളേജില്‍ നാലുവര്‍ഷത്തിനുശേഷം മുഴുവന്‍ സീറ്റും നേടി യൂണിയന്‍ തിരിച്ചുപിടിച്ചു. കടകശേരി ഐഡിയല്‍ കോളേജ്, പൂക്കാട്ടിരി ഒഇടി അറബിക് കോളേജ്, തിരൂരങ്ങാടി ഇശത്തുൽ കോളേജ്, കലിക്കറ്റ് യൂണിവേഴ്സിറ്റി ഐഇടി എന്‍ജിനിയറിങ് കോളേജ്, മാണൂര്‍ മലബാര്‍ കോളേജ് എന്നിവയും യുഡിഎസ്എഫില്‍നിന്ന് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ എസ്എന്‍ഡിപി, മഞ്ചേരി എന്‍എസ്എസ്, മഞ്ചേരി കോ ഓപറേറ്റീവ്, വെളിയങ്കോട് എംടിഎം, വട്ടംകുളം ഐഎച്ച്ആര്‍ഡി, കുറ്റിപ്പുറം കെഎംസിടി ലോ, വളാഞ്ചേരി പ്രവാസി, വള്ളിക്കുന്ന് ദേവകിയമ്മ ബിആര്‍ക്, വള്ളിക്കുന്ന് ദേവകിയമ്മ ബിഎഡ്, വാഴയൂര്‍ വേദവ്യാസ ആര്‍ട്സ്, കരുവാരക്കുണ്ട് നജ്ജാത് എന്നീ കോളേജ് യൂണിയനുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി. എസ്എഫ്ഐയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് എം സുജിൻ, ജില്ലാ സെക്രട്ടറി എൻ ആദിൽ എന്നിവർ അഭിവാദ്യംചെയ്തു. തിരൂരങ്ങാടി പിഎസ്എംഒ കോളേജ്, കൊണ്ടോട്ടി ഇഎംഇഎ കോളേജ്, ചേറൂർ പിപിടിഎം കോളേജ്, മമ്പാട് എംഇഎസ് കോളേജ് എന്നിവിടങ്ങളില്‍ എംഎസ്എഫ് യൂണിയന്‍ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home