Deshabhimani

പുസ്‌തകങ്ങളിൽ തിളങ്ങുന്നു

ഒളിച്ചുവായിച്ച അക്ഷരങ്ങൾ

Books read in secret

ലൈബ്രറി കൗണ്‍സില്‍ ജില്ലാ പുസ്തകോത്സവത്തില്‍ ആരിഫയും അന്‍വറും

avatar
ടി വി സുരേഷ്

Published on Oct 16, 2026, 01:07 AM | 1 min read

മഞ്ചേരി

ഒളിച്ചും പാത്തും വായിച്ച പുസ്തകങ്ങൾ. എഴുതിയതെല്ലാം ആരും കാണാതെ നശിപ്പിച്ച നാളുകൾ. പിന്നെ അക്ഷരങ്ങൾ പുസ്തകങ്ങളായി വായനക്കാരിലെത്തിയതിന്റെ സന്തോഷം... പതിനഞ്ചാം വയസിൽ വിവാഹത്തോടെ നിലച്ചുപോയ പഠനം 14 വർഷങ്ങൾക്കുശേഷം വീണ്ടും തുടരുന്നു. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും വായനയെയും എഴുത്തിനെയും കൈവിടാതെ മുന്നേറിയ എം പി ആരിഫ ശ്രദ്ധേയയാകുന്നത് അക്ഷരങ്ങളിലൂടെയുള്ള അതിജീവനത്തിന്റെ കഥയുമായാണ്. ആരിഫയ്ക്ക് ചെറുപ്പത്തിൽ വായിക്കാനും എഴുതാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. മനസ്സിൽ തോന്നുന്ന വരികൾ കടലാസിൽ പകർത്തിയാലും അവ സൂക്ഷിച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. വിവാഹശേഷം ഭർത്താവ് അൻവർ പുസ്തകങ്ങൾ വാങ്ങിനൽകിയതോടെയാണ് പുതിയ ലോകം തുറന്നത്. വീടിനടുത്തുള്ള കാശിനിക്കാട് വായനശാലയിൽ അംഗത്വമെടുത്തു. ഇതോടെ വായന ജീവിതത്തിന്റെ ഭാഗമായി. ചിന്തകളും അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ കുറിച്ചുതുടങ്ങി. കുറിപ്പുകൾ വായിച്ച പ്രസാധകർ ആരിഫയെ സമീപിച്ചു. അങ്ങനെ അക്ഷരങ്ങൾ പുസ്തകത്താളുകളിലേക്ക് പടർന്നു. 2021-ൽ പ്രസിദ്ധീകരിച്ച കഥത്തുരുത്തിലെ ഏകാകിനി കഥാസമാഹാരമാണ് ആദ്യ പുസ്തകം. 500 കോപ്പികളും വായനക്കാരിലേക്കെത്തി. ചെറുകവിതകൾ ഉൾപ്പെടുത്തി അനുരാഗിണി എന്ന കവിതാസമാഹാരവും പുറത്തിറങ്ങി. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുത്ത് തുടരുന്നു. കഴിഞ്ഞ വർഷം പ്ലസ്ടു പഠനം പൂർത്തിയാക്കി. പ്രാദേശിക എഴുത്തുകാർക്ക് സ്വന്തം പുസ്തകങ്ങൾ പ്രദർശിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ലഭിച്ച അവസരമാണ് ഭർത്താവ് അൻവറിനൊപ്പം ആരിഫയെ മേളയിലെത്തിച്ചത്. വായനയ്ക്കുപോലും പരിമിതികളുണ്ടായിരുന്ന ജീവിതത്തിൽനിന്ന് സ്വന്തം പുസ്തകങ്ങളുമായി വായനക്കാരുടെ മുന്നിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരിഫ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home