ക്ഷീരമേഖല കൈയടക്കി ബിനാമികൾ

പി രാമകൃഷ്ണൻ
Published on Oct 08, 2026, 12:16 AM | 1 min read
എടവണ്ണ
ക്ഷീരമേഖലയിൽ ബിനാമികളും സ്വകാര്യ ഏജൻസികളും സ്വാധീനമുറപ്പിക്കുന്നു. പത്ത് വർഷത്തിനിടെ വളർച്ചയുടെ പടികയറിയ മേഖല ഭരണമാറ്റത്തോടെ തകർച്ച നേരിടുന്നതായി കർഷകരും കർഷക സംഘടനകളും പറയുന്നു. മിൽമയുടെയും മേഖലാ യൂണിയനുകളുടെയും ഭരണസമിതികൾ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് പിരിച്ചുവിട്ട സർക്കാർ നടപടികൾ ഇത് വ്യക്തമാക്കുന്നു. പാൽ സൊസൈറ്റി വൈവിധ്യവൽക്കരണത്തിന്റേയും കംപ്യൂട്ടർവൽക്കരണത്തിന്റേയും പേരിൽ കോടിക്കണക്കിന് രൂപയാണ് സർക്കാർ ക്ഷീരവകുപ്പ് മുഖേന ഓരോ വർഷവും ജില്ലകളിലെ സൊസൈറ്റികൾക്ക് അനുവദിക്കുന്നത്. ബ്ലോക്ക്തല ഉദ്യോഗസ്ഥരുടെ ശുപാർശയിൽ അതത് ജില്ലകളിലെ ഡെയ്റി ഡയറക്ടർമാരാണ് തുക അനുവദിക്കുന്നത്. 10 വർഷംമുമ്പുവരെ യന്ത്ര സാമഗ്രികളും ഉൽപ്പാദന ഉപാധികളും സോഫ്റ്റ്‌വെയറുകളുമടക്കം ആരിൽനിന്ന് വാങ്ങണമെന്ന് പല ജില്ലകളിലും നിർദേശിച്ചിരുന്നത് താക്കോൽ സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവരുടെ ബിനാമികളായ ഏജന്റുമാർ മുഖേനയായിരുന്നു ഇത്തരം വാങ്ങലുകൾ. 2016ൽ എൽഡിഎഫ് ഭരണത്തിൽ വരികയും മിൽമയിൽ എൽഡിഎഫ് ഭരണസമിതി വരികയും ചെയ്‌തതോടെ ഉദ്യോഗസ്ഥരെ ശക്തമായി താക്കീത് ചെയ്‌ത് ഇത് അവസാനിപ്പിച്ചു. യുഡിഎഫ് വരികയും താക്കോൽസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥർ മാറുകയും ചെയ്‌തതോടെ വിദേശത്തടക്കം മറ്റ് മേച്ചിൽപുറങ്ങൾ തേടിപ്പോയ ബിനാമികൾ തിരിച്ചെത്തി. വിഷയത്തിൽ ഒരു നടപടിയുമെടുക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. മിൽമയെ തകർത്ത് യുഡിഎഫ് അനുകൂലികളായ സ്വകാര്യ സംരംഭകർക്ക് മേഖല കൈയടക്കാനുള്ള സാഹചര്യമൊരുക്കുകയാണെന്നാണ് ആരോപണം. അഴിമതിക്കാർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും ക്ഷീര കർഷകർ ആവശ്യപ്പെടുന്നു.









0 comments