Deshabhimani

യാത്രക്കാര്‍ ദുരിതത്തില്‍

എങ്ങുമെത്താതെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം

തൃശൂർ കെഎസ്‌ആർടിസി സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിനായി പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലം പണികളൊന്നും നടക്കാത്ത നിലയിൽ

തൃശൂർ കെഎസ്‌ആർടിസി സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിനായി പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലം പണികളൊന്നും നടക്കാത്ത നിലയിൽ

വെബ് ഡെസ്ക്

Published on Oct 08, 2026, 01:06 AM | 1 min read

തൃശൂര്‍

എങ്ങുമെത്താതെ സ്വപ്നപദ്ധതിയായ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണം. തൃശൂർ ഡിപ്പോ കേന്ദ്രീകരിച്ച് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് യോഗം ചേർന്നശേഷം ശോച്യാവസ്ഥ പരിഹരിക്കുമെന്നും നവീകരണം ആരംഭിക്കുമെന്നുമായിരുന്നു ഗതാഗതമന്ത്രി സി പി ജോണ്‍ ജൂലൈ ഏഴിന് തൃശൂരിൽ നടന്ന മീറ്റ് ദി പ്രസിൽ പ്രഖ്യാപിച്ചത്. എന്നാൽ, മൂന്നുമാസം പിന്നിട്ടിട്ടും സ്റ്റാൻഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ നടപടികളില്ല. നവീകരണം സംബന്ധിച്ച് തീരുമാനവുമില്ല. ട്രാൻസ്പോർട്ട് കമ്മിറ്റി രൂപീകരിച്ച് യോഗം ചേർന്നതല്ലാതെ പ്രശ്നപരിഹാരത്തിന് ഒരടിപോലും മുന്നോട്ടുപോകാത്ത സ്ഥിതിയാണ്. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് ജൂലൈ ഒന്നിന് നിയമസഭയിൽ മന്ത്രി സി പി ജോൺ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉറപ്പിന്റെ തുടർച്ചയായി നടപടികളുണ്ടായില്ല. പകരം ഡിപ്പോകളുടെ വികസനത്തിന് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കി. കമ്മിറ്റി രൂപീകരിച്ച് യോഗം ചേര്‍ന്നിട്ടും ദുരവസ്ഥയ്ക്ക് മാറ്റമില്ല. മഴയായാലും വെയിലായാലും സുരക്ഷിതമായി നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിലാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ്. യാത്രക്കാർ നിൽക്കുന്നിടത്തും ബസ് പാർക്ക് ചെയ്യുന്നിടത്തും ചെറിയ മഴ പെയ്താൽ പോലും വെള്ളവും ചെളിയും നിറയും. കെട്ടിനിൽക്കുന്ന വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. വെയിലായാൽ ചൂടിൽ വെന്തുരുകുകയേ യാത്രക്കാർക്ക് നിവൃത്തിയുള്ളൂ. സ്റ്റാൻഡിന്റെ പലഭാഗങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നു. പ്രഖ്യാപനങ്ങളും യോഗങ്ങളും തുടരുമ്പോഴും യാത്രക്കാരുടെ ദുരിതത്തിന് മാത്രം അറുതിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏഴുകോടി പ്രധാന ഡിപ്പോ നിര്‍മാണത്തിനും 2.5 കോടിയുടെ ഗ്യാരേജ് നിര്‍മാണത്തിനും ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍, ഡിപ്പോ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ച ഹെഡ് ഓഫ് അക്കൗണ്ട് പൊതുമരാമത്ത് വകുപ്പിന് കൈകാര്യം ചെയ്യാന്‍ കഴിയാത്തതായിരുന്നു. ഇതു ചൂണ്ടിക്കാട്ടി യുഡിഎഫ് ‌സര്‍ക്കാരിന് പിഡബ്ല്യുഡി കത്തുനല്‍കി. ഏഴുകോടി രൂപ പിഡബ്ല്യുഡിക്ക് കൈകാര്യം ചെയ്യാവുന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് മാറ്റുകയോ തുക പിഡബ്ല്യുഡിക്ക് ഡെപ്പോസിറ്റ് ചെയ്യുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാലിത് പരിഗണിക്കാത്തത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home