ad
Deshabhimani

മഴയില്ല; പാടത്ത് 
ആശങ്കയുടെ നിഴല്‍

a

പാടമല്ലെന്റെ ഹൃദയമാണ്... ചൂടില്‍ കരിഞ്ഞുണങ്ങുന്നത് കര്‍ഷകരുടെ അധ്വാനംകൂടിയാണ്. മണ്‍സൂണ്‍ പിന്‍വാങ്ങിയതോടെ മുണ്ടകന്‍ കൊയ്-ത്തിനായി പ്രതീക്ഷയോടെ വിത്തിട്ടവര്‍ ആശങ്കയിലാണ്. ചൂടില്‍ വരണ്ടുണങ്ങിയ പാടം. കോട്ടക്കല്‍ പുത്തൂരില്‍നിന്നുള്ള കാഴ്ച \ ഫോട്ടോ: കെ ഷെമീര്‍

വെബ് ഡെസ്ക്

Published on Sep 11, 2026, 12:09 AM | 1 min read

സ്വന്തം ലേഖകന്‍

മലപ്പുറം

ചുട്ടുപൊള്ളുന്ന വെയിലില്‍ പാടങ്ങളില്‍ തെളിയുന്നത് പ്രതീക്ഷ വറ്റിയ കര്‍ഷകരുടെ കരിനിഴലാണ്. അവരുടെ അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍മാത്രമാണ് മണ്ണില്‍ പതിക്കുന്നത്. മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ച് നെല്‍കൃഷിയിറക്കിയവര്‍ വെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്. മൂന്ന് പതിറ്റാണ്ടിന്റെ കൃഷിജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്ന് കോട്ടക്കല്‍ പുത്തൂര്‍ വയലില്‍ പാട്ടത്തിന് കൃഷിയിറക്കിയ പാറയില്‍ ഹുസൈന്‍ (കുഞ്ഞാന്‍ കാക്ക) പറയുന്നു. "എല്ലാ വര്‍ഷവും മുണ്ടകന്‍ കൊയ്‌ത്തിനായി നെല്‍കൃഷിയിറക്കാറുണ്ട്. ആഗസ്ത് 14ന് വിത്തിടുമ്പോള്‍ മഴ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ ചതിച്ചു. ഞാറ് പറിച്ചുനടാനുള്ള സമയമാവുമ്പോഴേക്ക് മണ്‍സൂണ്‍ പിന്‍വാങ്ങി. ഇതോടെ സമീപത്തെ പുഴയില്‍നിന്ന് വെള്ളം പമ്പ്ചെയ്താണ് ഞാറ് നടുന്നത്. 12.5 ഏക്കറില്‍ ഇതുപോലെ വെള്ളം പമ്പുചെയ്യണമെങ്കില്‍ വലിയ ചെലവാണ്' –വാര്‍ധക്യത്തിലും കൃഷി ജീവിതമാക്കിയ കുഞ്ഞാന്‍ കാക്ക പറഞ്ഞു. രാവിലെ ആറിനെത്തിയാല്‍ വൈകിട്ട് ആറുവരെ പാടത്തുതന്നെയാണ് ഈ അറുപത്തിയേഴുകാരന്‍. വര്‍ഷത്തില്‍ ഒരുതവണമാത്രമാണ് നെല്‍കൃഷിയിറക്കാറുള്ളത്. നാട്ടില്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ ബംഗാളില്‍നിന്നുള്ളവരെയാണ് ഉപയോഗപ്പെടുത്തുന്നത്. കടുത്ത വെയിലില്‍ പാടത്ത് പണിയെടുക്കലും ബുദ്ധിമുട്ടാണ്. പക്ഷേ, വെള്ളം നനഞ്ഞില്ലെങ്കില്‍ പാടം വറ്റിവരളും. അതുകൊണ്ട് പ്രതിസന്ധികളിലും തളരാതെ അധ്വാനിക്കുകയാണ് കര്‍ഷകര്‍. ഒരുമണിക്കൂറെങ്കിലും മഴപെയ്താല്‍ ആശ്വാസമാണെന്നാണ് ഇവര്‍ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home