സംഘപരിവാർ കടന്നുകയറ്റം ചെറുത്തത് പോരാട്ടങ്ങളിലൂടെ: പി കെ ബിജു

തേഞ്ഞിപ്പലം
നിയമപരമായും രാഷ്ടീയമായും പോരാടിയാണ് സർവകലാശാലകളിലെ സംഘപരിവാർ കടന്നുകയറ്റത്തെ എൽഡിഎഫ് സർക്കാർ ചെറുത്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു പറഞ്ഞു. കലിക്കറ്റ് സർവകലാശാലാ എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനത്തിന് മുന്നോടിയായി ‘വർഗീയതയുടെ കടന്നുകയറ്റവും തകർക്കപ്പെടുന്ന സർവകലാശാലകളും’ വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ അജന്‍ഡ സർവകലാശാലകളിൽ നടപ്പാക്കാൻ കൂട്ടുനിൽക്കുകയാണ് യുഡിഎഫ് സർക്കാർ. ഇന്ത്യയിലെ പ്രശസ്‌ത സർവകലാശാലകളെ എങ്ങനെയാണോ സംഘപരിവാർ താവളമാക്കിയത് അതുപോലെ സംസ്ഥാനത്തെ സർവകലാശാലകളും മാറ്റാനാണ് ശ്രമം. വിസിമാരെ ഉപയോഗിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്. സർവകലാശാലാ സമിതികളെ നിയന്ത്രണത്തിലാക്കാനാണ് സംഘപരിവാറുകാരെ സെനറ്റിലേക്ക് നാമനിർദേശംചെയ്യുന്നതും പഠന ബോർഡുകളിലേക്ക് തിരുകിക്കയറ്റുന്നതും. പി കെ ബിജു പറഞ്ഞു. ചുവരുകളിൽ ഗാന്ധിജിയെ വരച്ചാലും അത് മായ്ക്കാൻ തോന്നുന്ന തരത്തിലുള്ള ബോധ്യമാണ് കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറെ നയിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കെട്ടിടങ്ങളോ ഭൗതിക സാഹചര്യങ്ങളോ അല്ല രാഷ്ട്രീയത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന മഹത്തായ സങ്കൽപ്പമാണ് സർവകലാശാലകളെന്ന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലാ പ്രൊഫസർ ഡോ. കെ എം അനിൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള ട്രഷറർ പി നിഷ അധ്യക്ഷയായി. സെനറ്റംഗം വി എസ് നിഖിൽ സ്വാഗതവും എംപ്ലോയീസ് യൂണിയൻ ട്രഷറർ എ മണികണ്ഠൻ നന്ദിയും പറഞ്ഞു. ബുധൻ പകൽ 11ന് സർവകലാശാലാ ഓഡിറ്റോറിയത്തിൽ വാർഷിക സമ്മേളം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം ബി രാജേഷ് ഉദ്ഘാടനംചെയ്യും.









0 comments