ഓർമയിലുണ്ട്, ഡിസ്‌കോണിലെ സമരച്ചൂട്

പി അബൂബക്കർ
ടി വി സുരേഷ്
Published on Sep 11, 2026, 12:08 AM | 1 min read
മഞ്ചേരി
‘‘അന്ന് ഞങ്ങൾക്കുമുന്നിൽ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ പട്ടിണിയിലേക്ക് മടങ്ങുക. അല്ലെങ്കിൽ അവകാശത്തിനായി പോരാടുക. ഞങ്ങൾ പോരാടാൻ തീരുമാനിച്ചു’’– വർഷങ്ങൾക്കിപ്പുറവും പി അബൂബക്കറിന്റെയുള്ളിൽ ആ സമരകാലത്തിന്റെ ചൂട് മാഞ്ഞിട്ടില്ല. സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരി ഒരുങ്ങുമ്പോൾ ഡിസ്‌കോണിന്റെ സമരവഴികളും ഓർമയിൽ നിറയുന്നുണ്ട്. 1984-ൽ മഞ്ചേരി ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ ഡിസ്‌കോണിലായിരുന്നു അബൂബക്കറിന്റെ തൊഴിലാളി സംഘടനാ ജീവിതം തുടങ്ങുന്നത്. കെൽട്രോണിന്റെയും സിഡ്കോയുടെയും സഹകരണത്തോടെ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നിർമിക്കാനായിരുന്നു ലക്ഷ്യം. കമ്പനി സെക്രട്ടറിയും ടെക്നീഷ്യന്മാരും അറ്റൻഡർമാരുമുൾപ്പെടെ 75 പേർ ജീവനക്കാരായി. ആദ്യഘട്ടത്തിൽ കെൽട്രോൺ ടിവിയാണ് നിർമിച്ചത്. വിപണിയിൽ ആവശ്യക്കാരേറെയുണ്ടായി. എന്നാൽ മാനേജ്മെന്റിന്റെയും അന്നത്തെ യുഡിഎഫ് സർക്കാരിന്റെയും പിടിപ്പുകേട് സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികളുടെ കുടുംബങ്ങളിൽ അടുപ്പുപുകയാതായി. സർക്കാർ പ്രശ്നം പരിഹരിക്കാതായതോടെ തൊഴിലാളികൾ സംഘടിച്ചു. മഞ്ചേരി സിഡ്കോൺ എംപ്ലോയീസ് യൂണിയൻ (സിഐടിയു) രൂപീകരിച്ചു. ടെക്നീഷ്യനായിരുന്ന പി അബൂബക്കർ സെക്രട്ടറിയും അഡ്വ. സി ശ്രീധരൻ നായർ പ്രസിഡന്റുമായി. നഗരം വളയൽ, റോഡ് ഉപരോധം, പന്തൽകെട്ടി സമരം തുടങ്ങി നിരവധി പ്രതിഷേധങ്ങൾ. ശമ്പളമില്ലാതെ നട്ടംതിരിഞ്ഞ തൊഴിലാളി കുടുംബങ്ങളിൽ യൂണിയൻ സഹായമെത്തിച്ചു. ഒടുവിൽ സമരവഴി തിരുവനന്തപുരത്തേക്കും നീണ്ടു. 1986-ൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ കുടുംബസമേതം തിരുവനന്തപുരത്തേക്ക് വണ്ടികയറി. സെക്രട്ടറിയറ്റിനുമുന്നിൽ കുടിൽകെട്ടി രണ്ടാഴ്ചയോളം സമരം. അപ്പോഴേക്കും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി. അന്നത്തെ മന്ത്രി സുശീല ഗോപാലനുമായി അബൂബക്കറും ശ്രീധരൻ നായരും ചർച്ച നടത്തി. ശമ്പള കുടിശ്ശിക ഒരാഴ്ചയ്ക്കകം നൽകാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. സ്ഥാപനത്തെ വൈവിധ്യവൽക്കരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചു. ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് ഡിസ്‌കോൺ മാറി. എന്നാൽ സർക്കാർ വീണ്ടും മാറിയതോടെ വീണ്ടും അവഗണനയായി. ശമ്പളത്തിനൊപ്പം പിഎഫും മുടങ്ങി. തൊഴിലാളികൾ സമരരംഗത്തിറങ്ങി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരത്തോടെ തൊഴിലാളികൾക്ക് പിരിഞ്ഞുപോകാനുള്ള അവസരമൊരുങ്ങി. അടച്ചുപൂട്ടിയതിന്റെ കഥമാത്രമല്ല ഡിസ്‌കോണിന്റെ ചരിത്രം. അവകാശങ്ങൾക്കായി ഒന്നിച്ചുനിന്നതിന്റെയും പ്രതിസന്ധിയിൽ യൂണിയൻ എങ്ങനെ താങ്ങാവണമെന്ന് പഠിപ്പിച്ച പോരാട്ടചരിത്രംകൂടിയാണത്.










0 comments