ad
Deshabhimani

വള്ളം മറിഞ്ഞ് അപകടം; 
തൊഴിലാളികളെ രക്ഷിച്ചു

പരപ്പനങ്ങാടി കടലിൽ വള്ളം അപകടത്തിൽപ്പെട്ടപ്പോൾ

പരപ്പനങ്ങാടി കടലിൽ വള്ളം അപകടത്തിൽപ്പെട്ടപ്പോൾ

വെബ് ഡെസ്ക്

Published on Jun 30, 2026, 12:02 AM | 1 min read

പരപ്പനങ്ങാടി

ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. തൊഴിലാളികളെ മറ്റ് വള്ളങ്ങളെത്തി രക്ഷിച്ചു. ചെട്ടിപ്പടി സ്വദേശി കെ സി ഷാജു ലീഡറായ ‘തക്ബീർ' എന്ന വള്ളമാണ് തിങ്കളാഴ്ച രാവിലെ പത്തോടെ പരപ്പനങ്ങാടി ഹാർബറിനുസമീപം അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന 32 തൊഴിലാളികളും രക്ഷപ്പെട്ടു. ചെറിയ തോതിൽ പരിക്കേറ്റ ഇ പി അൻസാരി (40), ഹാജിയാരകത്ത് സൽമാൻ (48), കുഞ്ഞാപ്പു എന്നിവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയതായിരുന്നു വള്ളം. ശക്തമായ കാറ്റും മഴയും കാരണം മടങ്ങുന്നതിനിടെയാണ് അപകടം. ഹാർബറിന്റെ പ്രവേശനമുഖത്ത് എത്തിയപ്പോൾ കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ചെട്ടിപ്പടിയിലെതന്നെ ഖലീൽ എന്ന വള്ളം ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട വള്ളം കെട്ടിവലിച്ച് കരക്കെത്തിച്ചത്. വള്ളത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും ഉപകരണങ്ങൾക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വലകൾ കടലിൽ നഷ്ടപ്പെട്ടു. വെള്ളം കയറി എൻജിനും തകരാറിലായി. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home