തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല
ആരോഗ്യമാണ്, അലങ്കോലമാക്കല്ലേ

പി പ്രശാന്ത്കുമാർ
Published on Nov 27, 2026, 11:51 PM | 1 min read
തിരൂരങ്ങാടി
ഡോക്ടർമാരുടെ അഭാവം തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതമാകുന്നു. മിക്ക വിഭാഗങ്ങളിലും വേണ്ടത്ര ഡോക്ടർമാരില്ല. ഗർഭിണികളാണ് ഏറ്റവും പ്രയാസം നേരിടുന്നത്. ഗൈനക്കോളജിയിലെ മൂന്ന് ഡോക്ടർമാരുടെ തസ്തികയിൽ നിലവിൽ രണ്ടുപേരാണുള്ളത്. ഒരാൾ സ്ഥിരവും മറ്റൊരാൾ താൽക്കാലികവും. നേരത്തെ ഒരാൾമാത്രമാണുണ്ടായിരുന്നത്. ഇവർ അവധിയെടുത്തതോടെ ഗൈനക്കോളജി വിഭാഗം അടച്ചിടേണ്ട അവസ്ഥവരെയുണ്ടായി. ഇത് വലിയ വാർത്തയായതോടെ കോട്ടക്കലിൽനിന്ന് താൽക്കാലികമായി ഡോക്ടറെ മാറ്റിനിയമിക്കുകയായിരുന്നു. വളരെയധികം സ്ത്രീകൾ പ്രസവത്തിനായി ആശ്രയിക്കുന്ന താലൂക്കാശുപത്രിയിൽ ഒരാൾ ലീവെടുത്താൽ രോഗികൾ വലയുന്ന അവസ്ഥയാണ്. തീരദേശ മേഖലയിലെ സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയാണ് തിരൂരങ്ങാടി. ദേശീയപാതയിൽ അപകടങ്ങളുണ്ടാകുമ്പോൾ വേഗത്തിൽ എത്തിക്കുന്നത് ഇവിടേക്കാണ്. എന്നാൽ രണ്ട് ഓർത്തോ ഡോക്ടറിൽ ഒരാൾമാത്രമാണുള്ളത്. ഇദ്ദേഹം ലീവാണെങ്കിൽ രോഗികൾ മടങ്ങണം. സർജന്റെയും തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ളയാൾ പ്രമോഷൻ കിട്ടിപ്പോയി. ചർമരോഗ വിഭാഗത്തിലും ഡോക്ടറില്ലാത്ത സ്ഥിതിയാണ്. ദിവസവും 1500നും 2000ത്തിനും ഇടയിൽ രോഗികൾ ചികിത്സതേടി എത്തുന്ന ആശുപത്രിയിലാണ് ഇൗ ദുരവസ്ഥ.









0 comments