ദമ്പതികളുടെ സാമ്പത്തികത്തട്ടിപ്പ്
പുതിയ 12 പരാതികള്‍കൂടി


സ്വന്തം ലേഖകൻ
Published on Nov 28, 2026, 12:00 AM | 1 min read
മലപ്പുറം
ലാഭവാഗ്ദാനം നല്‍കി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണവും സ്വര്‍ണവും ഭൂമിയും കൈക്കലാക്കിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ ദമ്പതികള്‍ക്കും മക്കള്‍ക്കുമെതിരെ പരാതിയുമായി കൂടുതലാളുകള്‍ രംഗത്ത്. മുണ്ടുപറമ്പ് തെക്കുംപുറം വീട്ടില്‍ മുജീബ് റഹ്മാന്‍, ഭാര്യ ബജീന, മക്കളായ ജസീം, ജിതിന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെ വെള്ളിയാഴ്ച മലപ്പുറം പൊലീസ് സ്റ്റേഷനില്‍ 12 പുതിയ പരാതികള്‍ ലഭിച്ചു. സ്ത്രീകളും പുരുഷന്മാരും തട്ടിപ്പിനിരയായിട്ടുണ്ട്. ബുധനാഴ്ച ആറുപേര്‍ പൊലീസ് സ്റ്റേഷനിലും വ്യാഴാഴ്ച 15 പേര്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. വ്യാഴം രാത്രി രണ്ടുപേര്‍ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതായും വിവരമുണ്ട്. ഇതോടെ ആകെ പരാതിക്കാരുടെ എണ്ണം 35 ആയി.
ഓരോ പരാതിയും പ്രത്യേകം കേസായി രജിസ്റ്റര്‍ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തശേഷം ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, തട്ടിപ്പുതുക കോടികള്‍ കടന്ന സാഹചര്യത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ചിനുകീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറുമെന്നും സൂചനയുണ്ട്. പ്രതികള്‍ ഒളിവിലാണ്.
സാമ്പത്തിക പ്രയാസം പറഞ്ഞും സഹായം വാഗ്ദാനംചെയ്തും ലാഭവിഹിതം നല്‍കാമെന്ന വ്യാജേനെയുമാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയത്. പണവും സ്വര്‍ണവും സ്വീകരിച്ചതിനൊപ്പം സ്ഥലത്തിന്റെ ആധാരവും വാങ്ങിയിട്ടുണ്ട്. ഇത് ഈടുവച്ചാണ് കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍നിന്ന് പ്രതികള്‍ ചിട്ടിയും വായ്പയും തരപ്പെടുത്തിയത്. വരുംദിവസങ്ങളിലും കൂടുതലാളുകള്‍ പരാതികളുമായെത്തുമെന്നാണ് വിവരം.
(മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ മങ്കട ബ്രാഞ്ചില്‍നിന്നാണ് വായ്പ തരപ്പെടുത്തിയത് എന്ന വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ പരാമര്‍ശം പിശകാണ്).








0 comments