Deshabhimani

ഉദ്ഘാടനം കഴിഞ്ഞില്ല

കക്കാട് വാട്ടർ ടാങ്കിൽ ചോർച്ച

കക്കാട് വാട്ടർ ടാങ്കിന്റെ ട്രയൽ റണ്ണിനിടെ ചോർന്ന ഭാഗങ്ങൾ സിമന്റിട്ട് അടച്ച നിലയിൽ ​

കക്കാട് വാട്ടർ ടാങ്കിന്റെ ട്രയൽ റണ്ണിനിടെ ചോർന്ന ഭാഗങ്ങൾ സിമന്റിട്ട് അടച്ച നിലയിൽ ​

വെബ് ഡെസ്ക്

Published on Oct 13, 2026, 12:30 AM | 1 min read

തിരൂരങ്ങാടി

ഏഴ് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള കക്കാട് വാട്ടർ ടാങ്കിൽ ട്രയൽ റണ്ണിനിടെ ചോർച്ച. നാലുഭാഗങ്ങളിലും വ്യാപകമായ ചോർച്ചയുണ്ട്‌. ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ആശങ്കാജനകമായ രീതിയിൽ ചോർച്ച കണ്ടെത്തിയത്‌. തിരൂരങ്ങാടി നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമാണ്‌ കക്കാട് വാട്ടർ ടാങ്ക്‌ നിർമിച്ചത്‌. തേപ്പും പെയിന്റിങ്ങും ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയശേഷം നടത്തിയ ട്രയൽ റണ്ണിലാണ് ചോർച്ച കണ്ടെത്തിയത്. ഇതോടെ സിമന്റ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി. നിർമാണത്തിലെ അപാകമാണോ വാട്ടർപ്രൂഫിങ്ങിലെ വീഴ്ചയാണോ ചോർച്ചയ്ക്ക് കാരണമെന്ന് കണ്ടെത്താതെ താൽക്കാലിക അറ്റകുറ്റപ്പണികളിൽ ഒതുക്കാനാണ് നീക്കം. കോൺക്രീറ്റിന്റെ ഗുണനിലവാരം, വാട്ടർപ്രൂഫിങ്, നിർമാണസാമഗ്രികൾ, കരാർ വ്യവസ്ഥകളുടെ പാലനം, നിർമാണ മേൽനോട്ടം എന്നിവ സമഗ്രമായി പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. വാട്ടർ ടാങ്കിനുതാഴെ അങ്കണവാടി ആരംഭിക്കാനിരിക്കെയാണ് ചോർച്ച സംബന്ധിച്ച ആശങ്ക ശക്തമാകുന്നത്. വൻതോതിൽ വെള്ളം സംഭരിക്കുന്ന ടാങ്കിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കാതെ അങ്കണവാടി പ്രവർത്തനം ആരംഭിക്കുന്നത് കുട്ടികളുടെ സുരക്ഷക്ക്‌ ഭീഷണിയാണ്‌. പൊതുപണം ചെലവഴിച്ച് നിർമിച്ച ടാങ്കിന്റെ ഗുണനിലവാരത്തിലും നിർമാണത്തിലെ മേൽനോട്ടത്തിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന സംശയവും ശക്തമാണ്. ട്രയൽ റൺ നടത്താനായി ടാങ്ക് നിറച്ച് കുറച്ചുകഴിഞ്ഞപ്പോൾതന്നെ ടാങ്കിന്റെ നാല് ഭാഗത്തുനിന്നും ചോർച്ച കാരണം സിമന്റ്‌ പൊട്ടി വെള്ളം പുറത്തേക്കൊഴുകി. ചോർച്ച നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടെന്ന് അവിടെ മറച്ചുകെട്ടി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം കക്കാട് ബ്രാഞ്ച് അംഗം കെ എം അബ്ദുൽ ഗഫൂർ വിജിലൻസ്‌, ജലവിഭവ മന്ത്രി, വകുപ്പ് സെക്രട്ടറി, കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ, പരപ്പനങ്ങാടി വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക്‌ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home