Deshabhimani

print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ: സിറ്റിക്ക്‌ സന്തോഷം

English Premier League

Photo: Facebook

വെബ് ഡെസ്ക്

Published on Oct 13, 2026, 01:08 AM | 1 min read

ലണ്ടൻ: പിരിമുറക്കങ്ങൾക്കിടെ മാഞ്ചസ്റ്റർ സിറ്റിക്ക്‌ ആശ്വാസം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ വമ്പൻമാരായ ലിവർപൂളിനെ മൂന്ന്‌ ഗോളിന്‌ തരിപ്പണമാക്കി തുടർച്ചയായ ആറാം ജയം കുറിച്ചു. അവസാന 28 മിനിറ്റിൽ പത്തുപേരുമായാണ്‌ ലിവർപൂൾ കളിച്ചത്‌. സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന്‌ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയതിന്‌ പിന്നാലെയുള്ള സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഇത്‌.


ലിവർപ‍ൂളിന്റെ പൊന്നാപുരം കോട്ടയായ ആൻഫീൽഡിൽ എതിർ കാണികളുടെ കൂവലിനും കളിയാക്കലുകൾക്കുമിടയിലാണ്‌ മിന്നുംജയം. രണ്ടാംപകുതിയിൽ എർലിങ്‌ ഹാലണ്ട്‌, ജെറെമി ദോകു, റയാൻ ചെർകി എന്നിവർ ലക്ഷ്യം കണ്ടു. 13 മിനിറ്റുകൾക്കിടയിലായിരുന്നു മ‍ൂന്ന്‌ ഗോളും. ഒന്നാം സ്ഥാനത്ത്‌ 18 പോയിന്റാണ്‌. രണ്ടാമതുള്ള അഴ്‌സണലിന്‌ 15. ബ്രൈറ്റണാണ്‌ (13) മൂന്നാമത്‌.


സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന്‌ വലിയ ശിക്ഷയാണ്‌ സിറ്റി കാത്തിരിക്കുന്നത്‌. ലീഗിൽനിന്ന്‌ പുറത്താക്കൽ, തരംതാഴ്‌ത്തൽ, പോയിന്റ്‌ കുറയ്‌ക്കൽ തുടങ്ങിയവയ്‌ക്കെല്ലാം സാധ്യതയുണ്ട്‌. ഇ‍ൗ പ്രതിസന്ധികൾക്കിടെയാണ്‌ നിർണായക മത്സരത്തിനിറങ്ങിയത്‌. എന്നാൽ കളത്തിൽ ഇ‍ൗ സമ്മർദം ബാധിച്ചില്ല. തുടക്കം തൊട്ടേ എൻസോ മറെസ്‌ക പരിശീലിപ്പിക്കുന്ന സിറ്റി കളംപിടിച്ചു. പാസുകളിലൂടെ ആധിപത്യം പുലർത്തി. എന്നാൽ ആദ്യപകുതി ഗോൾ നേടാൻ സാധിച്ചില്ല.


ഇടവേളയ്‌ക്കുശേഷം കളി മാറി. ദോകുവിനെ വീഴ്‌ത്തിയതിന്‌ റ്യാൻ ഗ്രാവെൻബെർക്‌ 62–ാം മിനിറ്റിൽ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായത്‌ ലിവർപൂളിന്‌ പ്രഹരമായി. എതിരാളിയുടെ അംഗബലം കുറഞ്ഞത്‌ സിറ്റി കൃത്യമായി മുതലെടുത്തു. മൂന്ന്‌ മിനിറ്റിനുള്ളിൽ ഹാലണ്ട്‌ വലകുലുക്കി. അതിന്റെ തുടർച്ചക്കാരായി ദോകുവും ചെർകിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home